

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന എംപുരാൻ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ പ്രേക്ഷകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാൽ. മുംബൈയിൽ വച്ചു നടന്ന എംപുരാൻ ഐമാക്സ് ട്രെയ്‌ലർ റിലീസ് ഇവന്റിൽ സംസാരിക്കവേയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. "കഴിഞ്ഞ 47 വർഷമായി ഇൻഡസ്ട്രിയിലുള്ള ആളാണ് ഞാൻ. പ്രഗത്ഭരായ ഒരുപാട് എഴുത്തുകാര്‍ക്കൊപ്പം എനിക്ക് ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു.
പത്മരാജന്‍, എംടി വാസുദേവന്‍ നായര്‍, ലോഹിതദാസ് എന്നിവര്‍ക്കൊപ്പമെല്ലാം ഞാന്‍ പ്രവര്‍ത്തിച്ചു. എല്ലാ ഇന്‍ഡസ്ട്രിയിലും മാറ്റങ്ങള്‍ വരും. സിനിമയുടെ മേക്കിങ്ങിലും ആശയങ്ങളിലുമൊക്കെ മാറ്റം വരും. പക്ഷേ തീര്‍ച്ചയായും കഥയുണ്ടാകും. നിങ്ങളൊരു സിനിമ കാണുമ്പോള്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അതില്‍ എന്തെങ്കിലും കാണും. അതിപ്പോള്‍ ഒരു കഥയോ, ഒരു സീനോ, ഒരു പെര്‍ഫോമന്‍സോ ഒക്കെ ആകാം.
ഒരു എന്‍റര്‍ടെയ്നര്‍ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ആളുകള്‍ക്ക് അതിലെ എല്ലാം ഇഷ്ടപ്പെടണം. പാട്ട്, കഥ അഭിനയം അങ്ങനെ എല്ലാം. എഴുത്തുകാരന് ഒരു സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. എഴുത്തുകാരനും സംവിധായകനുമാണ് തീരുമാനിക്കുന്നത് എങ്ങനെ ഒരു സിനിമ നിര്‍മിക്കണം, അഭിനേതാക്കളെ എങ്ങനെ ഫ്രെയിമില്‍ കൊണ്ടുവരണം എന്നൊക്കെ. ഇതൊരു ബ്രില്യൻസ് ആണ്, ദൈവത്തിന്റെ സമ്മാനമാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളാണ് പൃഥ്വിരാജ് എന്ന് പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്. ഊണിലും ഉറക്കത്തിലും ശ്വസിക്കുമ്പോഴുമെല്ലാം പൃഥ്വിയ്ക്ക് സിനിമയെന്ന വിചാരമേയുള്ളൂ. അതില്ലെങ്കിൽ നല്ല വികൃതിയുള്ള ആളാണ് പൃഥ്വി. എംപുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റിയൽ പാൻ ഇന്ത്യൻ ചിത്രമാണിത്.
വർഷങ്ങൾക്ക് മുൻപ് കാലാപാനി എന്നൊരു പാൻ ഇന്ത്യൻ ചിത്രം ഞങ്ങൾ ചെയ്തിരുന്നു. അതുപോലെയൊരു സിനിമ ചെയ്യണമെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. എംപുരാൻ ഒരു മാജിക്കാണ്. ഈ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല, ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഇതിനപ്പുറം എംപുരാനെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും.
കേരളം ഒരു ചെറിയ ഇൻഡസ്ട്രിയാണ്. പക്ഷേ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോൾ മലയാളത്തിലെ ആദ്യ ഐമാക്സ് സിനിമ. സിനിമയ്ക്ക് പ്രേക്ഷകർ നൽകിയിരിക്കുന്ന പിന്തുണ വളരെ വലുതാണ്. അവർ എംപുരാനായി കാത്തിരിക്കുകയാണ്. എല്ലാവരോടും നന്ദി, ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ",- മോഹൻലാൽ പറഞ്ഞു. എംപുരാൻ ആദ്യം ദിനം പ്രേക്ഷകർക്കൊപ്പം കാണുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates