
റിവ്യൂകൾ പലപ്പോഴും സിനിമയെ വലിയ രീതിയിൽത്തന്നെ ബാധിക്കാറുണ്ട്. സിനിമയ്ക്കെതിരെയുള്ള ഡീഗ്രേഡിങ്ങിലേക്ക് വരെ ഇത് കൊണ്ട് ചെന്നെത്തിക്കാറുമുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഈ മാസം 27 ന് പുറത്തിറങ്ങിയ എംപുരാൻ. എന്നാൽ വിമർശനങ്ങളും ഡീഗ്രേഡിങ്ങുമൊക്കെ വന്നെങ്കിലും അതിനെയെല്ലാം കാറ്റിൽപ്പറത്തി തിയറ്ററുകളിൽ കത്തിപ്പടരുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എംപുരാൻ.
മലയാള സിനിമ ഇന്നു വരെ കാണാത്ത തരത്തിലുള്ള വരവേൽപ്പായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ ലഭിച്ചത്. സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന തരത്തിൽ പല യൂട്യൂബ് റിവ്യുകളും പുറത്തുവന്നെങ്കിലും ഇതൊന്നും എംപുരാനെയോ മോഹൻലാലിനെയോ പൃഥ്വിരാജിനെയോ ലവലേശം പോലും ബാധിച്ചിട്ടില്ല.
"സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ..." അതേ എംപുരാൻ നമ്മൾ ഉദ്ദേശിച്ച സിനിമയുമല്ലെന്നാണ് സിനിമയുടെ ബോക്സോഫീസ് കളക്ഷൻ റെക്കോഡുകൾ സൂചിപ്പിക്കുന്നത്. അശ്വന്ത് കോക്ക്, ദ് മല്ലു അനലിസ്റ്റ്, സലം സല്ലു തുടങ്ങിയവരുടെ റിവ്യൂവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നിരുന്നു. ചിത്രത്തിന്റെ മേക്കിങ് നല്ലതാണെന്ന് അഭിപ്രായപ്പെടുമ്പോഴും തിരക്കഥയെ വിമർശിക്കുന്നവരാണ് ഏറെയും. കെട്ടുറപ്പില്ലാത്ത തിരക്കഥയും അബ്രാം ഖുറേഷിയായിട്ടുള്ള മോഹന്‍ലാലിന്റെ ഗെറ്റപ്പും തനിക്ക് ഇഷ്ടമായില്ലെന്ന് അശ്വന്ത് പറഞ്ഞിരുന്നു. മാത്രമല്ല ചിത്രത്തിലെ സ്പോയിലറും റിവ്യൂവിൽ അശ്വന്ത് കോക്ക് പറഞ്ഞിരുന്നു.
"അബ്രാം ഖുറേഷിയുടെ തുടർച്ച, മലയാളികൾക്ക് കണക്ട് ചെയ്യാൻ പറ്റുന്ന കേരളത്തെ ചുറ്റിപ്പറ്റിയുള്ള സംഭവം. ഇത് രണ്ടും പാകത്തിന് മിക്സ് ചെയ്യാൻ തിരക്കഥയിൽ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് മിക്സ് ചെയ്തതിന്റെ പ്രശ്നം സിനിമയെ ബാധിച്ചിട്ടുണ്ടെന്ന്" യൂട്യൂബ് വ്ലോഗറായ ദ് മല്ലു അനലിസ്റ്റ് റിവ്യൂവിൽ പറയുന്നു. "ഫസ്റ്റ് ഹാഫിലെ ലാഗും, സിനിമയുടെ ദൈർഘ്യവും, സിനിമയിൽ ആവശ്യമില്ലാതിരുന്ന ചില രംഗങ്ങൾ കൂടി കട്ട് ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി ആളുകൾക്ക് എൻഗേജിങ് ആയേനെ.
ഹെവിയായി എടുത്തത് തന്നെയാണ് സിനിമയ്ക്ക് വിനയായതെന്നും മോഹൻലാലിന്റെ വേഷം വളരെ ബോർ ആയെന്നും സലം സല്ലു" തന്റെ റിവ്യൂവിൽ പറഞ്ഞിരുന്നു. റിവ്യൂവർമാർക്കിടയിൽ മാത്രമല്ല ഫെയ്സ്ബുക്കിലും ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റുകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഇത്തരം നെഗറ്റീവ് റിവ്യൂകളൊന്നും സിനിമ ബാധിച്ചിട്ടേയില്ലായെന്നത് രണ്ടാം ദിനത്തിലെ കളക്ഷനിൽ നിന്ന് തന്നെ വ്യക്തമാണ്. റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക