
മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാന്, റിലീസിന് പിന്നാലെ വൻതോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബിജെപിക്കെതിരെ ചിത്രം ശക്തമായി കടന്നാക്രമിച്ചു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. ഇപ്പോഴിതാ എംപുരാൻ സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ പ്രതികരിച്ചിരിക്കുകയാണ്.
പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോകുലം ഗോപാലൻ പറഞ്ഞു. എംപുരാനിൽ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിൽ മാറ്റം വരുത്താൻ സംവിധായകനായ പൃഥ്വിരാജിനോട് താൻ പറഞ്ഞിട്ടുണ്ട്.
തല്ക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തനിക്കറിയില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ടെന്നും അതുകൊണ്ട് ഒരു തിയറ്ററിൽ തന്നെ മാറ്റണമെങ്കിൽ നല്ല ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെൻസർ ചെയ്തപ്പോൾ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും, സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണെന്നും ഗോപാലൻ കൂട്ടിച്ചേർത്തു. സാങ്കേതികമായുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സംവിധായകന് അറിയാൻ കഴിയുമെന്നും അദ്ദേഹം ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക