Empuraan: 'മോഹൻലാൽ എംപുരാനിൽ ആർമിയെ അപകീർത്തിപ്പെടുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ?'; മേജർ രവി

ഗോധ്ര വിഷയമാണ് എടുത്തതെങ്കിൽ എന്തുകൊണ്ട് ട്രെയിൻ കത്തുന്നിടത്തു നിന്ന് തുടങ്ങിയിട്ടില്ല.
Empuraan
മേജർ രവി, എംപുരാൻഫെയ്സ്ബുക്ക്
Updated on

എംപുരാൻ റിലീസായതിന് പിന്നാലെ മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ് ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ വരില്ലെന്നും രഘുനാഥ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ‌ മേജർ രവി.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മേജർ രവിയുടെ പ്രതികരണം. മോഹൻലാൽ ഈ സിനിമയ്ക്കുള്ളിൽ ആർമിയെ അപകീർത്തിപ്പെടുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഭരണകൂടത്തെ അവഹേളിക്കുന്ന എന്തെങ്കിലും ഡയലോ​ഗ് മോഹൻലാൽ പറഞ്ഞിട്ടുണ്ടോ എന്ന് മേജർ രവി ചോദിച്ചു.

മേജർ രവിയുടെ വാക്കുകൾ

മോഹൻലാലിന്റെ ലഫ്. കേണൽ പദവി എന്നൊക്കെ പറഞ്ഞിട്ട് ഇവിടെ ചില വാർത്തകൾ കണ്ടിരുന്നു. ഞാനൊന്ന് ചോദിക്കട്ടെ മോഹൻലാൽ ഈ സിനിമയ്ക്കുള്ളിൽ ആർമിയെ അപകീർത്തിപ്പെടുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഭരണകൂടത്തെ അവഹേളിക്കുന്ന എന്തെങ്കിലും ഡയലോ​ഗ് മോഹൻലാൽ പറഞ്ഞിട്ടുണ്ടോ. അത്തരം പ്രമേയമുള്ള ഒരു സിനിമയിൽ അദ്ദേഹം അഭിനയിച്ചു എന്നത് ശരി തന്നെ.

ഞാനൊരു സംവിധാകനും രചയിതാവുമാണ്, നമ്മൾ കഥ പറയുന്ന സമയത്തും അതുകഴിഞ്ഞ് പടം വരുന്ന സമയത്തും ഉണ്ടാകുന്ന കഥയിൽ വളരെയധികം വ്യത്യാസങ്ങളുണ്ട്. ഞാനിത് പറയുന്നത് മോഹൻലാലിനെ വെള്ളപ്പൂശാനൊന്നുമല്ല. പറയുന്ന കാര്യത്തിൽ വല്ല കാമ്പും വേണം. ലഫ്. കേണൽ പദവിയുടെ പിന്നാലെ നിങ്ങൾ പോകുന്നത് മഹാ ശുദ്ധ വിഡ്ഡിത്തരമാണ്. നിങ്ങൾ വേറെയെന്തെങ്കിലും പറഞ്ഞോളൂ.

ലഫ് കേണൽ എന്നത് ആർമി കൊടുത്തിരിക്കുന്ന ഒരു ബഹുമതിയാണ്. അത് ഇവിടുത്തെ യുവാക്കൾക്ക് പ്രചോ​​ദനമാകാനായി ഒരു ബ്രാൻഡ് അംബാസിഡർ പോലെ കൊടുത്തിരിക്കുന്നത് ആണ്. അതിൽ ആർമിയെ അപകീർത്തിപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടോ. ഞാൻ ചോദിക്കട്ടെ, ഒരു പടത്തിൽ റെയ്പ് ചെയ്യുന്ന ഒരു സീൻ ഉണ്ടെങ്കിൽ അതിന്റെ അർഥം എന്താണ്.

അത് ആ സീനിന് വേണ്ടി അവർ ചെയ്തിരിക്കും, എന്നുവച്ച് അതിനർഥം അവർ ഒരു റെയ്പിസ്റ്റ് ആണെന്നല്ലല്ലോ. ആവശ്യമില്ലാതെ ലഫ് കേണൽ പദവിയ്ക്ക് പിറകെ പോകുന്നത് എനിക്ക് ദഹിക്കുന്നില്ല. നിങ്ങൾ വേറെ എന്ത് വേണമെങ്കിലും പറഞ്ഞോ. ഇത് എന്ത് പറഞ്ഞാലും മോഹൻലാൽ‌ ലഫ് കേണൽ പദവി തിരിച്ചു കൊടുക്കണം. ഇതാണോ ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അതിന് അതിന്റേതായ നിയമവശങ്ങളുണ്ട്.

ഞാനൊരു ബിജെപിക്കാരനാണ്, ഞാൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. സെൻസർ ബോർഡിനകത്ത് ബിജെപിക്കാരുടെ പ്രതിനിധികൾ കുറേയെണ്ണം കയറിയിരിപ്പില്ലേ. ഇനിയെങ്കിലും ബിജെപി മനസിലാക്കണ്ട ഒരു കാര്യമുണ്ട്. ഇതുപോലെ സെൻസേഷ്ണൽ ആയിട്ടുള്ള സ്ഥലങ്ങളിൽ കൊണ്ടുവന്ന് പിൻവാതിലിലൂടെയോ ശുപാർശയിലൂടെയോ കൊണ്ട് വന്ന് കയറ്റി, പാർട്ടിയെക്കുറിച്ചോ അല്ലെങ്കിൽ ദേശീയപരമായിട്ടുള്ള ആശയങ്ങളൊന്നുമില്ലാത്ത ആളുകളെ പിടിച്ച് ഇതുപോലെ സെൻസർ ബോർഡ് പോലെയുള്ള സ്ഥലങ്ങളിൽ കയറ്റി ഇരുത്തരുത്.

ഇതിൽ വർ​ഗീയത അവതരിപ്പിക്കുന്നതായൊന്നും എനിക്ക് തോന്നിയിട്ടില്ല, പക്ഷേ അതിനുള്ളിലെ വസ്തുതകളെ മറച്ചു വച്ചിട്ട്, ചില വസ്തുതകൾ മാത്രം പുറത്തുവിട്ടിട്ട്, അവർക്ക് വേണ്ട ഫാക്ടുകളെ മാത്രം എടുത്തൊരു സിനിമ ചെയ്യുമ്പോൾ അത് എന്തുകൊണ്ടാണെന്ന് നോക്കണം. ​ഗോധ്ര വിഷയമാണ് എടുത്തതെങ്കിൽ എന്തുകൊണ്ട് ട്രെയിൻ കത്തുന്നിടത്തു നിന്ന് തുടങ്ങിയിട്ടില്ല. എന്തോ ഒരു ​ഗൂഢ ഉദ്ദേശ്യം കൊണ്ട് മാത്രമാണ് ഇതെഴുതിയിരിക്കുന്നത്. അത് രചയിതാവിന്റെ കാഴ്ചപ്പാട് മാത്രമായിരിക്കാം.

അതിൽ മോഹൻലാലിനെ എങ്ങനെ കുറ്റം പറയും. ഒരു കഥയിൽ എന്തുണ്ട് എന്ന് കേട്ടിട്ടാണ് നടൻ അത് സ്വീകരിക്കുന്നത്. എംപുരാനിൽ സിനിമ തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടാണ് മോഹൻലാൽ വരുന്നത്. ഈ ഒരു മണിക്കൂറിനകത്ത് നടന്നിരിക്കുന്ന സംഭവങ്ങളാണ് ഇതെല്ലാം. മോഹൻലാലിനെ വച്ച് അഞ്ച് പടം ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ.

പല സിനിമകളും അദ്ദേഹം കണ്ടിട്ടില്ല, കീർത്തിചക്ര വൻ ഹിറ്റായതിന് ശേഷം അദ്ദേഹത്തിന് ഇരിക്കപൊറുതിയില്ലാഞ്ഞിട്ടാണ് അദ്ദേഹം സിനിമ പോയി കണ്ടിരിക്കുന്നത്. പല കാരണവശാലും അഭിനേതാക്കൾക്ക് പടം കാണാൻ പറ്റില്ല. അവരൊന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക് പോകും. അറിവില്ലാതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല.- മേജർ രവി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com