Murali Gopy, Empuraan
മുരളി ​ഗോപി, എംപുരാൻഫെയ്സ്ബുക്ക്

Empuraan: 'കണ്ടന്റ് ആണ് കിങ്, സ്റ്റീഫൻ നെടുമ്പള്ളി സൂര്യനെപ്പോലെ'; മുരളി ​ഗോപി അഭിമുഖം

സിനിമയുടെ കണ്ടന്റ് തന്നെയാണ് കിങ് എന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്.
Published on

റിലീസിന് പിന്നാലെ വൻ തോതിലുള്ള വിമർശനങ്ങളാണ് മോഹൻലാൽ- പൃഥ്വിരാജ്- മുരളി ​ഗോപി കൂട്ടുകെട്ടിലെത്തിയ എംപുരാന് നേരിടേണ്ടി വന്നത്. ചിത്രത്തിന്റെ പ്രമേയമാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചത്. തന്റെ തിരക്കഥകളെക്കുറിച്ചും സംവിധായകൻ പൃഥ്വിരാജിനെക്കുറിച്ചും മുരളി ​ഗോപി ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പങ്കുവച്ചിരിക്കുകയാണ്.

Q

ലൂസിഫർ ഒരു വെബ് സീരിസായും പിന്നീട് മൂന്ന് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയായും ചെയ്യാനായിരുന്നു പ്ലാൻ എന്ന് മുൻപ് പറഞ്ഞിരുന്നു. ആദ്യ ഭാഗം വൻ വിജയമായി മാറി. എംപുരാനെ കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

A

ഞാൻ എഴുതിയിട്ടുള്ള സിനിമകളിൽ ഏതെങ്കിലും തരത്തിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്താനായി എന്റെ ഭാ​ഗത്തു നിന്ന് മനഃപൂർവം ഒരു ശ്രമവും ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഏതൊരു മുഖ്യധാരാ സിനിമയ്ക്കും എന്റർടെയ്ൻമെന്റ് ഒരു പ്രധാന ഘടകമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയുടെ കണ്ടന്റ് തന്നെയാണ് കിങ് എന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. അവിടെയും എന്റർടെയ്ൻമെന്റിനായിരിക്കണം കിരീടം.

Q

പൃഥ്വിരാജുമായി കഥ ചർച്ച ചെയ്യുമ്പോഴുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെയാണ് പരിഹരിക്കുന്നത്?

A

അഭിപ്രായ വ്യത്യാസം എന്നതിനേക്കാളുപരി കാഴ്ചപ്പാടുകളിലുണ്ടാകുന്ന വ്യത്യാസം എന്ന് പറയാനാണ് എനിക്ക് കൂടുതലിഷ്ടം. നിലവിലുള്ള പുസ്തകങ്ങളെ ആസ്പദമാക്കി സംവിധായകർ സിനിമകൾ നിർമിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ സാധാരണമാണ്. ആദ്യം എഴുതിയതുപോലെ സംവിധായകന്റെ കാഴ്ചപ്പാട് എല്ലായ്പ്പോഴും യോജിക്കണമെന്നില്ല. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിപ്രായവ്യത്യാസങ്ങളേക്കാൾ കരാറുകളാണ് ഉള്ളത്.

Q

ഒരു ഫിലിംമേക്കർ എന്ന നിലയിൽ പൃഥ്വിരാജിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

A

വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ സമർഥമായ സംവിധാന മികവ് എഴുത്തിന് തിളക്കം നൽകിയ നിമിഷങ്ങളുമുണ്ട്.

Q

ലൂസിഫർ അതിന്റെ പല തലങ്ങളിലും, രാഷ്ട്രീയ പരാമർശങ്ങൾ കാണിക്കുന്നതിലുമൊക്കെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിനോദോപാദി എന്നതിനപ്പുറം സിനിമയെ ആഴത്തിൽ ചിന്തിക്കുന്നവർ കുറവാണ്. ഇതിനെ എങ്ങനെ കാണുന്നു?

A

വീണ്ടും പറയട്ടെ, അത് മനഃപൂർവമല്ല. എനിക്ക് എഴുതാൻ തോന്നുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് എഴുതാൻ‌ പറ്റുന്ന രീതിയിലാണ് ഞാനെഴുതുന്നത്. ഒരുപാട് കാര്യങ്ങൾ കൂടിച്ചേരുന്നതിന്റെ ഫലം കൂടിയാണിത്. ആകുലത, അവബോധം, നിസാഹയത, ആഹ്ലാദം... എഴുത്തുകാരനല്ല, പ്രമേയമാണ് സാഹിത്യപാതയെ നിർണയിക്കുന്നത്. അപ്പോൾ, പാക്കേജിംഗ്, എന്തെങ്കിലും ഉണ്ടെങ്കിൽ, അത് തനിയെ സംഭവിക്കുന്നതാണ്.

Q

ലൂസിഫറിൽ മോഹൻലാൽ ഏകദേശം 40 മിനിറ്റ് മാത്രമേ ഉള്ളൂ, പക്ഷേ അദ്ദേഹത്തിന്റെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. തിരക്കഥയിൽ എങ്ങനെയാണ് അതുറപ്പാക്കുന്നത്?

A

സ്റ്റീഫൻ നെടുമ്പള്ളി സൂര്യനെപ്പോലെയാണ്. നക്ഷത്രം ചുറ്റുമുണ്ടെന്ന് ഉറപ്പാക്കാൻ ഭൂമിയിലുള്ളവരാരും നേരിട്ട് സൂര്യനെ നോക്കാറില്ല, ചൂട് വിയർപ്പ്, വെളിച്ചം തുടങ്ങിയ പല കാര്യങ്ങളിലൂടെയുമാണ് ആ സാന്നിധ്യം നമ്മളറിയുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയുടെ അസാന്നിധ്യത്തിലും ആ പ്രഭാവലയം നമുക്ക് അനുഭവപ്പെടും.

Q

ഇന്ത്യയിലെ മാസ് സിനിമകൾ നോക്കുകയാണെങ്കിൽ, വളരെ ഒതുങ്ങിയ ജീവിതം നയിക്കുന്ന, എന്നാൽ യഥാർഥത്തിൽ ഇരുണ്ട ഭൂതകാലമുള്ള നായകനെ അവതരിപ്പിക്കുന്ന നിരവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. പുറമേ നിന്ന് നോക്കുകയാണെങ്കിൽ ലൂസിഫറിനും സമാനമായ രീതിയുണ്ട്. എന്നാൽ ഈ ടെംപ്ലേറ്റിലെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റീഫൻ നെടുമ്പള്ളിയും ഖുറേഷി അബ്രാമും ഒരുപോലെ ശക്തരാണ്. അവരുടെ ഭാഗങ്ങൾ എഴുതുമ്പോൾ എങ്ങനെയായിരുന്നു?

A

ഒരു ഫോർമുല പിന്തുടരുന്നതിൽ തെറ്റൊന്നുമില്ല, ഒറിജിനൽ ഉള്ളിടത്തോളം കാലം അതിനോട് സമാനമായ ആഖ്യാന മാറ്റങ്ങളുണ്ടാകും. 'ആൾട്ടർ ഈഗോ' എന്ന പ്രമേയത്തിന് കാലങ്ങളോളം പഴക്കമുണ്ട്. പക്ഷേ ഇപ്പോഴും അവരുടെ ചില ആം​ഗിളുകൾ കണ്ടെത്തുന്നുണ്ട്. സ്റ്റീഫനും കെഎ (ഖുറേഷി അബ്രാം) യും ശക്തരാണ്. പക്ഷേ രണ്ടു പേരുടേയും പവർ നേർ വിപരീതമാണ്, അവിടെയാണ് മാറ്റം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com