പൃഥ്വിരാജിനൊപ്പം മലയാളത്തിലും; നടൻ മുകുൾ ദേവ് അന്തരിച്ചു

മുകുളിന്റെ സഹോദരനും നടനുമായ രാഹുൽ ദേവ് ആണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്
Mukul Dev
മുകുൾ ദേവ് ഇൻസ്റ്റ​ഗ്രാം
Updated on

ന്യൂഡൽഹി: ബോളിവുഡ് നടൻ മുകുൾ ദേവ് (54) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന മുകുളിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മുകുളിന്റെ സഹോദരനും നടനുമായ രാഹുൽ ദേവ് ആണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്. 'ഞങ്ങളുടെ സഹോദരൻ മുകുൾ ദേവ് ഇന്നലെ രാത്രി ന്യൂഡൽഹിയിൽ വച്ച് അന്തരിച്ചു.

അദ്ദേഹത്തിന്റെ മകൾ സിയ ദേവിന് കുഴപ്പങ്ങളൊന്നുമില്ല. വൈകുന്നേരം 5 മണിക്ക് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ദയവായി ഞങ്ങളോടൊപ്പം പങ്കുചേരണമെന്ന് അഭ്യർഥിക്കുന്നു.' - എന്നാണ് രാഹുൽ ദേവ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം അന്ത് ദ് എൻഡ് എന്ന ചിത്രത്തിലാണ് മുകുൾ അവസാനമായി അഭിനയിച്ചത്. 1996 ൽ മുംകിൻ എന്ന പരമ്പരയിലൂടെയാണ് മുകുൾ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പൃഥ്വിരാജും പാര്‍വതി തിരുവോത്തും പ്രധാനകഥാപാത്രങ്ങളായെത്തിയ മൈ സ്റ്റോറിയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Mukul Dev
രാഹുൽ ദേവിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്

പിന്നീട് അദ്ദേഹം ദൂരദർശന്റെ ഏക് സേ ബദ് കർ ഏക് എന്ന ബോളിവുഡ് കൗണ്ട്ഡൗൺ കോമഡി ഷോയുടെ ഭാ​ഗമായി. ഫിയർ ഫാക്ടർ ഇന്ത്യയുടെ ആദ്യ സീസണിന്റെ അവതാരകനും ആയിരുന്നു. ദസ്തക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ മുകുളിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സൺ ഓഫ് സർദാർ, ആർ രാജ്കുമാർ, ജയ് ഹോ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടി.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ സംഘടിപ്പിച്ച ഒരു നൃത്ത പരിപാടിയിൽ മൈക്കൽ ജാക്‌സണായി വേഷമിട്ടാണ് മുകുൾ ദേവ് ആദ്യമായി പൊതുവേദിയില്‍ എത്തുന്നത്. തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബെയര്‍ഫൂട്ട് വാരിയേഴ്‌സ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം കൈകാര്യംചെയ്തു. പൈലറ്റായും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുകുളിന്റെ സഹോദരൻ രാഹുൽ ദേവ് മലയാളത്തിലടക്കം വില്ലൻ വേഷങ്ങളിലെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com