
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് മാളവിക മോഹനൻ. സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ഹൃദയപൂർവം ആണ് മാളവികയുടേതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം മാളവിക പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് മാളവിക. കഴിഞ്ഞ ദിവസം എക്സിലൂടെ ആരാധകരുമായി മാളവിക സംവദിച്ചിരുന്നു.
ആസ്ക് മാളവിക എന്ന ടാഗിൽ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒരാളുടെ ചോദ്യത്തിന് മാളവിക നൽകിയ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'മമ്മൂട്ടിയോ മോഹൻലാലോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം.
'ഇതിലൊരാളാണ് എന്നെ സിനിമയുടെ മനോഹരമായ ലോകത്തേക്ക് കൊണ്ടുവന്നത്. മറ്റൊരാളുമായി ഇപ്പോൾ ഞാനൊരു മനോഹരമായ ചിത്രം പൂർത്തിയാക്കിയതേ ഉള്ളൂ. അപ്പോൾ ഇത് അല്പം അന്യായമായ ചോദ്യമാണ്, അല്ലേ?'- എന്നായിരുന്നു മാളവികയുടെ മറുപടി.
മാളവിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് ദുൽഖർ സൽമാൻ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലേക്ക് നായികയായി തന്റെ പേര് റെക്കമന്റ് ചെയ്തത് മമ്മൂട്ടി ആയിരുന്നുവെന്ന് മാളവിക മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
'ഹൃദയപൂര്‍വത്തിന്‍റെ ഷൂട്ട് കഴിഞ്ഞോ' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കഴിഞ്ഞെന്നായിരുന്നു മാളവികയുടെ ഇതിനുള്ള മറുപടി. "അതെ, മൂന്ന് ദിവസം മുന്‍പാണ് സിനിമയുടെ ചിത്രീകരണം ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. അത് അവസാനിച്ചു എന്നത് ഞാന്‍ ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് സത്യം.
അത്രയും നല്ലൊരു ടീം ആയിരുന്നു അത്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമ ചെയ്തത് നല്ല ഒരു അനുഭവമായിരുന്നു. ആ സെറ്റ് എനിക്കിപ്പോള്‍ നന്നായി മിസ് ചെയ്യുന്നുണ്ട്", -മാളവിക കുറിച്ചു. പ്രഭാസ് നായകനായെത്തുന്ന രാജാസാബ് എന്ന ചിത്രവും മാളവികയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ