ചാട്ടവാറുമായി ' പ്രധാനമന്ത്രി'കര്‍ഷകര്‍ക്കെതിരെ തമിഴ്‌നാട് കര്‍ഷകരുടെ സമരം പുതുരൂപങ്ങളില്‍ 

മോദിയുടെ രൂപം ധരിച്ച് കര്‍ഷകരെ ചാട്ടക്കൊണ്ടടിച്ചാണ് തമിഴ്‌നാട് കര്‍ഷകരുടെ സമരം - പ്രധാനമന്ത്രിയുടെ ഭാഗത്തും നിന്നും കര്‍ഷകരെ തിരിഞ്ഞു നോക്കുന്ന സമീപനമുണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം 
ചാട്ടവാറുമായി ' പ്രധാനമന്ത്രി'കര്‍ഷകര്‍ക്കെതിരെ തമിഴ്‌നാട് കര്‍ഷകരുടെ സമരം പുതുരൂപങ്ങളില്‍ 

ന്യൂഡെല്‍ഹി: മാസങ്ങളായി ഡല്‍ഹിയില്‍ തുടരുന്ന തമിഴ്‌നാട് കര്‍ഷകരുടെ സമരം വിചിത്രരൂപങ്ങളിലേക്ക് മാറുന്നു. മോദിയുടെ രൂപം ധരിച്ച് കര്‍ഷകരെ ചാട്ടക്കൊണ്ടടിച്ചാണ് തമിഴ്‌നാട് കര്‍ഷകരുടെ സമരം. സമരത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ മുഖം തിരിഞ്ഞ സമീപനത്തെ തുടര്‍ന്നാണ് സമരരീതി ഇത്തരത്തിലാക്കാനുള്ള സമരസമിതിയുടെ തീരുമാനം. ഇത് കൂടാതെ കര്‍ഷകര്‍ തലയോട്ടി ധരിച്ചും, ചുണ്ടെലിയെ കടിച്ചുപിടിച്ചും, അടി വസ്ത്രങ്ങള്‍ മാത്രം ധരിച്ചും, തലമുണ്ഡനം ചെയ്തുമാണ് സമരരംഗത്ത് തുടരുന്നത്. 

സമരത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന മുഖം തിരിഞ്ഞ നടപടിയാണ് സമരക്കാരുടെ പ്രതിഷേധരൂപങ്ങള്‍ മാറ്റുന്ന സാഹചര്യത്തിലെത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തും നിന്നും കര്‍ഷകരെ തിരിഞ്ഞു നോക്കുന്ന സമീപനമുണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

പൊരിവെയിലത്തെ സമരത്തിന്റെ ഭാഗമായി കര്‍ഷകരുടെ മേലാസകലം പൊന്തിവന്ന കുമിളകള്‍ കാണിച്ചായിരുന്നു സമരനേതാവ് അയ്യക്കണ്ണ് പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ സംസാരിച്ചത്. ഞങ്ങള്‍ ഉരുകുന്ന ടാറുകളില്‍ ഉറങ്ങുമ്പോള്‍ മോദി ശീതികരിച്ച മുറിയില്‍ ഉറങ്ങുന്നു. കര്‍ഷകരെ കാണാന്‍ പോലും പ്രധാനമന്ത്രി കൂട്ടാക്കുന്നില്ല. ഞങ്ങളെന്താ അടിമകളാണോ എന്നാണ് കര്‍ഷകനായ പ്രകാശന്‍ പറയുന്നത്.

കര്‍ഷകരുടെ സമരത്തിന് കാര്യമായ ശ്രദ്ധ കിട്ടില്ലെന്നറിയാവുന്നത് കൊണ്ടാണ് പതിവില്ലാത്ത സമരരീതികള്‍ അവലംബിക്കാന്‍ കര്‍ഷകര്‍ തയ്യാറായത്.  അതേ സമയം സമരത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കര്‍ഷകരുടെ അന്തസ്സിന് കളങ്കം വരുത്തുകയാണ് അയ്യാക്കണ്ണ് എന്നാണ് ചിലര്‍ പറയുന്നത്. സമരം ചെയ്യുന്ന കര്‍ഷകരെ സംബന്ധിച്ചിടത്തോളം വിജയം അല്ലെങ്കില്‍ മരണം എന്നാണ് അവസ്ഥ. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ഇവിടെയുണ്ടാകുമെന്ന നിലപാടിലാണ് സമരക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com