എന്തുകൊണ്ട് കേരളം ഒന്നാമത്? സംഘപരിവാര്‍ പ്രചാരണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരസ്യം ദേശീയ മാധ്യമങ്ങളില്‍

എന്തുകൊണ്ട് കേരളം ഒന്നാമത് എന്നു വിശദീകരിക്കുന്ന പരസ്യത്തില്‍ മെച്ചപ്പെട്ട ക്രമസമാധാന പാലനം, മഹത്തായ സമുദായ സൗഹാര്‍ദം, സദ്ഭരണം, കുറഞ്ഞ അഴിമതി, മനുഷ്യ വികസന സൂചികയിലെ ഒന്നാം സ്ഥാനം, ഉയര്‍ന്ന സാക്ഷരതാ-
എന്തുകൊണ്ട് കേരളം ഒന്നാമത്? സംഘപരിവാര്‍ പ്രചാരണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരസ്യം ദേശീയ മാധ്യമങ്ങളില്‍
Updated on: 
1 min read

ന്യൂഡല്‍ഹി: കേരളം കൊലക്കളമാണെന്ന സംഘപരിവാര്‍ പ്രചാരണം ദേശീയ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പരസ്യത്തിലൂടെ പ്രതിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്രമസാധാന പാലനവും സമുദായ സൗഹാര്‍ദവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളം എന്തുകൊണ്ട് ഒന്നാമത് എത്തുന്നു എന്നു വിശദീകരിച്ചുകൊണ്ട് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി എഡിഷനില്‍ കേരള സര്‍ക്കാര്‍ പരസ്യം പ്രസിദ്ധീകരിച്ചു.

എന്തുകൊണ്ട് കേരളം ഒന്നാമത് എന്നു വിശദീകരിക്കുന്ന പരസ്യത്തില്‍ മെച്ചപ്പെട്ട ക്രമസമാധാന പാലനം, മഹത്തായ സമുദായ സൗഹാര്‍ദം, സദ്ഭരണം, കുറഞ്ഞ അഴിമതി, മനുഷ്യ വികസന സൂചികയിലെ ഒന്നാം സ്ഥാനം, ഉയര്‍ന്ന സാക്ഷരതാ- പ്രതിശീര്‍ഷ വരുമാന നിരക്കുകള്‍, ആരോഗ്യ-പരിസ്ഥിതി സൗഹൃദ അന്തരീക്ഷം തുടങ്ങിയവയാണ് എടുത്തു പറഞ്ഞിരിക്കുന്നത്. 

സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയില്‍ നിലനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിക്കുന്ന, ആത്മീയ നേതാവ് ശ്രീയെമ്മിന്റെ വാക്കുകള്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദവി നോക്കാതെ തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്ത കേരള പൊലീസിന്റെ നടപടി ചൂണ്ടിക്കാട്ടുന്ന ജസ്റ്റിസ് കെടി തോമസിന്റെ വാചകവും അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാണെന്ന നടന്‍ കമല്‍ഹാസന്റെ പ്രശംസയും മുഴുവന്‍ പേജ് പരസ്യത്തിലുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഒഫ് ഇന്ത്യ തുടങ്ങി ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലിഷ് പത്രങ്ങളില്‍ പരസ്യമുണ്ട്.

കേരളം കൊലക്കളമാണെന്നും സിപിഎം ആര്‍എസ്എസിനെ കായികമായ അടിച്ചമര്‍ത്തുകയാണെന്നും ഏതാനും ദിവസങ്ങളായി ദേശീയ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്ത നല്‍കുകയാണ്. ടെലിവിഷന്‍ ചാനലുകളാണ് പ്രധാനമായും ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്. ഇത് സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്നും ആസൂത്രിതമായാണ് ഇത്തരം പ്രചാരണം നടക്കുന്നത് എന്നുമാണ് സിപിഎമ്മിന്റെ വാദം. ഇത്തരം പ്രചാരണം സംസ്ഥാനത്തെയും സംസ്ഥാനത്തിനു പുറത്തുള്ള മലയാളികളെയും ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com