രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്; ബിജെപിയുടെ നാളുകള്‍ എണ്ണിത്തുടങ്ങിയെന്ന് സച്ചിന്‍ പൈലറ്റ് 

ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ മുഴുവന്‍ കോണ്‍ഗ്രസ് തൂത്തുവാരി. പഞ്ചായത്ത് സമിതിയില്‍ 27 സീറ്റുകളില്‍ 16എണ്ണവും നേടിയ കോണ്‍ഗ്രസ്, 13 മുന്‍സിപ്പാലിറ്റികളില്‍ 7 സീറ്റുകളും സ്വന്തമാക്കി
രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്; ബിജെപിയുടെ നാളുകള്‍ എണ്ണിത്തുടങ്ങിയെന്ന് സച്ചിന്‍ പൈലറ്റ് 

ജയ്പൂര്‍: ഗുജറാത്തില്‍ ബിജെപിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ചതിന് പിന്നാലെ രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കി കോണ്‍ഗ്രസ്. 

ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ മുഴുവന്‍ കോണ്‍ഗ്രസ് തൂത്തുവാരി. പഞ്ചായത്ത് സമിതിയില്‍ 27 സീറ്റുകളില്‍ 16എണ്ണവും നേടിയ കോണ്‍ഗ്രസ്, 13 മുന്‍സിപ്പാലിറ്റികളില്‍ 7 സീറ്റുകളും സ്വന്തമാക്കി. ഭരണകക്ഷിയായ ബിജെപിക്ക് 10  പഞ്ചായത്ത് സമിതി വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്. രാജസ്ഥാനിലെ 26 ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

ബിജെപി ശക്തികേന്ദ്രങ്ങളായ ഉദയ്പൂര്‍,ജോധ്പൂര്‍,പ്രതാപ്ഘട്ട് തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയത്. ബന്‍സ്വാരയില്‍ ജില്ലാ പഞ്ചായത്ത് സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജേന്ദ്ര പട്ടിദാര്‍ 3,178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 

രാജസ്ഥാനില്‍ ബിജെപിയുടെ ദിവസങ്ങള്‍ എണ്ണിത്തുടങ്ങിയെന്നും അതിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഗുജറാത്തില്‍ ബിജെപിയോട് ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചത്. രാജസ്ഥാന്‍ സര്‍ക്കാര്‍ നഗര,ഗ്രാമങ്ങളില്‍ ജനങ്ങളെ പൂര്‍ണമായും തഴഞ്ഞതിന്റെ ഫലമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ പുറത്തുവന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ് വിജയം ഊര്‍ജം പകരുന്നതാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com