ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കോവിന്ദ് രാഷ്ട്രപതിയാകും

ആകെ 10,98,882 വോട്ടുകളാണ് ഉള്ളത് -  ഇതില്‍ എന്‍ഡിഎയ്ക്ക് 5,37,683 വോട്ടുകളാണ് ഉള്ളത് - ജയിക്കാന്‍ വേണ്ടതാവട്ടെ 5,49,442 വോട്ടുകളാണ്. 
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കോവിന്ദ് രാഷ്ട്രപതിയാകും

ന്യൂഡെല്‍ഹി: അടുത്ത രാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്‍പത് ശതമാനത്തിലേറെ വേട്ടുകള്‍ രാംനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ നേടാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ഒറ്റക്ക് വിജയിക്കാനാകില്ലെങ്കിലും പ്രതിപക്ഷ നിരയിലെ ഭിന്നത ബിജെപിക്ക് തുണയാകും. 

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഒരു ഇലക്ടറല്‍ കോളേജ് സമ്പ്രാദയത്തിന് അനുസരിച്ചായതിനാല്‍ പോയിന്റുകളുടെ കണക്കുകൂട്ടലാണ് എല്ലാം നിര്‍ണയിക്കുക. ആകെ 10,98,882 വോട്ടുകളാണ് ഉള്ളത്. ഇതില്‍ എന്‍ഡിഎയ്ക്ക് 5,37,683 വോട്ടുകളാണ് ഉള്ളത്. ജയിക്കാന്‍ വേണ്ടതാവട്ടെ 5,49,442 വോട്ടുകളാണ്. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തിനാകട്ടെ 3,91, 739 വോട്ടുകളാണുള്ളത്. ബാക്കി വരുന്ന 1,44,302 വോട്ടുകള്‍ ആര്‍ക്കുവേണമെങ്കിലും മറയാമെന്ന സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തില്‍ ബിജെപിക്ക് കുറവുള്ള 24,522 വോട്ടുകള്‍ മറികടക്കാനാകും. 

776 എംപിമാരും 4120 എംഎല്‍എമാരുമാണ് ഇത്തവണ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. തെരഞ്ഞെടിപ്പില്‍ എല്ലാവരുടെയും വോട്ടുകള്‍ സമാനമായാണ് കണക്കാക്കാറെങ്കിലും എംപിമാരുടെ വോട്ടിനാണ് മുല്യം കൂടുതല്‍. ഒരോ എംപിയുടെയും വോട്ടിന്റെ മൂല്യം 708 ആണ്. എംഎല്‍എ മാരുടെ വോട്ടിന്റെ മൂല്യം കൂടുന്നത് ജനസംഖ്യയുടെ ആനൂപാതികമായാണ്. വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ എംഎല്‍എ മാരുടെ വോട്ടിന് ചെറിയ സംസ്ഥനങ്ങളിലെ എംഎല്‍എമാരുടെ വോട്ടിനെക്കാള്‍ മൂല്യം കൂടും.

കോവിന്ദിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ നിരവധി പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഇതിനകം എന്‍ഡിഎക്ക് ലഭിച്ചിട്ടുണ്ട്. ടിആര്‍എസും, വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെഡിയുമാണ് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടികള്‍. ആകെയുള്ള ഇലക്ടറല്‍ വോട്ടില് രണ്ട് ശതമാനമാണ് ടിആര്‍എസിനുള്ളത്. 82 എംഎല്‍എമാരും 11 എംപിമാരുമാണുള്ളത്. ബിജെഡിക്കാവട്ടെ 2.99 ശതമാനമാണ് വോട്ട്. 117 എംഎല്‍എമാരും 20 എംപിമാരുമാണുള്ളത്. വൈഎസ്ആര്‍ കോണ്‍ഗ്രസിനാകട്ടെ 1.53 ശതമാനമാണ് വോട്ട്. ഇതില്‍ 10 എംപിമാരും 66എംഎല്‍എമാരും ഉള്‍പ്പെടുന്നു

എഐഎഡിഎംകെയും ജനതാദള്‍ യുണൈറ്റഡും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ രണ്ടുപാര്‍ട്ടികളും തള്ളിപ്പറഞ്ഞിട്ടില്ല. നിതീഷ് കുമാര്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാത്രമായിരിക്കും അന്തിമനിലപാട് പ്രഖ്യാപിക്കുക. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോവിന്ദിനെ പിന്തുണയ്ക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് നിതീഷ് കുമാര്‍ യോഗത്തെ അറിയിക്കും.

1.91 ശതമാനമാണ് ജനതാദള്‍ സെക്യുലറിന്റെ വോട്ടിംഗ്. 71 എംഎല്‍എമാരും രണ്ട് എംപിമാരുമാണ് ജനതാദളിന്റെ പ്രാധിന്യം. എഐഎഡിഎംകെയ്ക്ക് 5.39 ശതമാനമാണ് വോട്ടിംഗ്. 37 എംപിമാരും 136 എംഎല്‍എമാരുമാണ് എഐഎഡിഎംകെയ്ക്കുള്ളത്. 

48 ശതമാനം വോട്ട് നിലവിലുള്ള എന്‍ഡിഎയ്ക്ക് ഈ പാര്‍ട്ടികളില്‍ ചിലരുടെ മാത്രം പിന്തുണമതി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍. 29 സംസ്ഥാനങ്ങളില്‍ 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഇതിനകം തന്നെ മായാവതിയും കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ അഭിപ്രായം അറിയിക്കാത്ത പാര്‍ട്ടികളും എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com