വെടിയുണ്ടകള്‍ക്കു ഗൗരിയുടെ ആശയങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല; ഗൗരി ലങ്കേഷിന്റെ 'മക്കള്‍' പറയുന്നു

ഗൗരി ലങ്കിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ചാല്‍ സംഘ്പരിവാര്‍ തീവ്രവാദത്തെ കുറിച്ചു വ്യക്തമാകും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു അന്വേഷണത്തിനു ഒരു ഏജന്‍സിയും തയാറാകില്ല
വെടിയുണ്ടകള്‍ക്കു ഗൗരിയുടെ ആശയങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല; ഗൗരി ലങ്കേഷിന്റെ 'മക്കള്‍' പറയുന്നു

ന്യൂഡെല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ ശക്തമായ നിലപാടെടുക്കുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നടുക്കം മാറാതെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ഉമര്‍ ഫാറുഖും കനയ്യ കുമാറുമടക്കമുള്ളവര്‍. ഗൗരി ലങ്കേഷ് അജ്ഞാതന്റ വെടിയേറ്റു മരിച്ചെന്ന് വാര്‍ത്തകള്‍ വന്നതോടെ ഗുജറാത്തില്‍ നിന്നുള്ള ദളിത് നേതാവ് ജിഗ്നേഷ് മേവാനി നടുക്കം രേഖപ്പെടുത്തി. നിര്‍ഭയയാരിക്കുന്നതിനു അവര്‍ വിലകൊടുത്തു എന്നാണ് കൊലപാതകത്തെ കുറിച്ച് മേവാനി പറഞ്ഞത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേയുള്ള ഓരോ അഭിപ്രായ പ്രകടനത്തെയും അവര്‍ കൊന്നു തള്ളുമെന്നും മേവാനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗൗരി ലങ്കേഷുമായുള്ള ബന്ധത്തെ കുറിച്ച് കനയ്യ തന്റെ ചീത്ത കുട്ടിയാണെന്നും മേവാനി തന്റെ നല്ല കുട്ടിയാണെന്നും പറഞ്ഞതായാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരെയും അവര്‍ ഒരു പോലെ സ്‌നേഹിച്ചിരുന്നു. ഇനിയും അവരെ കാണാന്‍ സാധിക്കില്ല എന്നത് വിശ്വസിക്കാനാവുന്നില്ല. ഇവരുടെ മരണം കര്‍ണാടകയ്ക്കു തീരാ നഷ്ടമാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിനെതിരേയും നടന്ന കൊലപാതകമാണിത്. മേവാനി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

കൊലപാതകിയുടെ വെടിയുണ്ടകള്‍ക്കു ഗൗരിയുടെ ആശയങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ വിമര്‍ശിക്കുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം തന്നെ ഞെട്ടിച്ചു. തന്നെ സംബന്ധിച്ചു അവര്‍ ഒരു ജേണലിസ്റ്റിനേക്കാള്‍ കൂടുതലായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി രാഷ്ട്രീയ മുന്നേറ്റത്തിനു ശക്തമായ പിന്തുണ നല്‍കിയിരുന്നവരായിരുന്നു. മകനായി സ്വീകരിച്ച നാലുപേരില്‍ ഒരാളായിരുന്നു ഞാന്‍. ഉമര്‍ ഖാലിദ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ഗൗരിയുടെ കൊലപാതകം അവരെ കൂടുതല്‍ ശക്തിപ്പെടുത്തുന്നവെന്നാണ് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ പറഞ്ഞത്. 'നിങ്ങള്‍ മരിച്ചിട്ടില്ല, ഞങ്ങള്‍ ഭയപ്പെടുന്നുമില്ല, ഇത് പോരാടാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. കനയ്യകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ അകമഴിഞ്ഞു പിന്തുണച്ച ഗൗരി ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ തന്റെ ദത്തു പുത്രനാണെന്ന് പറയുകവരെ ചെയ്തിരുന്നു. 

ഗൗരി ലങ്കിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ചാല്‍ സംഘ്പരിവാര്‍ തീവ്രവാദത്തെ കുറിച്ചു വ്യക്തമാകും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു അന്വേഷണത്തിനു ഒരു ഏജന്‍സിയും തയാറാകില്ലെന്ന്  ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദ് പറഞ്ഞു. 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബെംഗളൂരുവിലെ വസതിയില്‍ വെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു ഇവര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com