

ന്യൂഡൽഹി: ജനാധിപത്യത്തിന്റെ കാവൽ നായ്ക്കളാണ് ജുഡീഷ്യറിയും മാധ്യമങ്ങളും. എന്നാൽ ഇവ കുരച്ചിട്ടും ഉറക്കം നടിച്ചാൽ കടിക്കാൻ നിർബന്ധിതമാകുമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. കേരള മീഡിയ അക്കാദമി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ജൂഡീഷ്യറിയും മാധ്യമങ്ങളുമാണ് ജനാധിപത്യത്തിന്റെ രണ്ട് കാവൽനായ്ക്കൾ. അവർ എപ്പോഴും ജാഗരൂകരാണ്. യജമാനന്റെ സ്വത്തിന് ഭീഷണി നേരിടുമ്പോഴാണ് കാവൽ നായ്ക്കൾ കുരയ്ക്കുന്നത്. പല തവണ കുരച്ചിട്ടും യജമാനൻ ഉറക്കം നടിക്കുകയാണെങ്കിൽ അവരെ ഉണർത്താൻ കടിക്കുകയല്ലാതെ മറ്റ് മാർഗമില്ല. യജമാനനോടുള്ള കൂറ് കൊണ്ടാണ് ഇവ കടിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാൻ കാവൽ നായ്ക്കളെ കടിക്കാൻ നിർബന്ധിതമാക്കരുതെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു.
വാർത്തകളിലെ സത്യത്തേക്കാളേറെ മാധ്യമ മുതലാളിമാരുടെ താത്പര്യസംരക്ഷണത്തിനായുള്ള വീക്ഷണങ്ങൾ വരുന്നതു നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ശേഷം സർക്കാർ പദവികൾ ഒന്നും സ്വീകരിക്കില്ലെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരിലൊരാളായ കുര്യൻ ജോസഫ് ജൂൺ 22 നാണ് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുര്യൻ ജോസഫും പങ്കെടുത്തിരുന്നു.
കേസുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് കോടതിയുടെ കീഴ് വഴക്കം പാലിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ കഴിഞ്ഞദിവസവും വിമർശനം ഉന്നയിച്ചിരുന്നു. ചീഫ് ജസ്റ്റീസിനു മാസ്റ്റർ ഓഫ് ദ റോസ്റ്റർ എന്ന നിലയിൽ അധികാരം ഉണ്ട്. എന്നാൽ ഭരണഘടനാപരമായ അധികാരം പൊതുനന്മയ്ക്ക് ഉതകുന്ന രീതിയിൽ വിനിയോഗിക്കണമെന്നും ചെലമേശ്വർ അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates