അമിത് ഷാ വിളിച്ചു; അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് പിന്തുണയുമായി ശിവസേന

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് എതിരെ ബിജെപിക്ക് അനുകൂല നിലപാട് എടുക്കുമെന്ന് ശിവസേന
അമിത് ഷാ വിളിച്ചു; അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് പിന്തുണയുമായി ശിവസേന

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് എതിരെ ബിജെപിക്ക് അനുകൂല നിലപാട് എടുക്കുമെന്ന് ശിവസേന. ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് മോദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഇടഞ്ഞു നില്‍ക്കുന്ന എന്‍ഡിഎ സഖ്യകക്ഷി രംഗത്തെത്തിയത്. അവിശ്വാസ പ്രമേയം പരിഗണിക്കുന്ന 20ാം തീയതി എല്ലാ എംപിമാരും പാര്‍ലമെന്റിലെത്തണമെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നും പാര്‍ട്ടി വിപ്പ് പുറപ്പെടുവിച്ചു. 

അവിശ്വാസ പ്രമേയത്തില്‍ സേന ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി  അനന്ദ് കുമാര്‍ സ്ഥിരീകരിച്ചു. 19996ല്‍ കാട്ടിയ തെറ്റ് കോണ്‍ഗ്രസ്  വീണ്ടും ആവര്‍ത്തിക്കുകയാണ് എന്നും അനന്ദ് കുമാര്‍ പറഞ്ഞു. എന്‍ഡിഎ ഇപ്പോള്‍ ഒറ്റക്കെട്ടാണെന്നും ദക്ഷിണേന്ത്യയില്‍ നിന്നുള്ള പാര്‍ട്ടികളുടെ പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് ആദ്യം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ആദ്യം നോട്ടീസ് നല്‍കിയ ടിഡിപിക്ക് അവസരം നല്‍കാനാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ തീരുമാനിച്ചത്. ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തങ്ങള്‍ക്ക് ആദ്യം അവസരം നല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സഭ ചട്ടം അനുവദിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി നിഷേധിച്ചു. ഇതിന് പിന്നാലെ ടിഡിപിക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. എഐഎഡിഎംകെയും നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് സൂചനകള്‍. തൃണമൂല്‍ കോണ്‍ഗ്രസും അവിശ്വാസത്തെ പിന്തുണയ്ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com