ലെനിന്‍ തീവ്രവാദി; ഇന്ത്യയില്‍ എന്തിനാണ് പ്രതിമയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

വിദേശിയായ ലെനിന്‍ തീവ്രവാദിയാണെന്ന് ആരോപിച്ച സുബ്രഹ്മണ്യന്‍ സ്വാമി ലെനിനെ ആരാധിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് കൊണ്ടുപോയി പൂജിച്ചോട്ടെയെന്നും പരിഹസിച്ചു
ലെനിന്‍ തീവ്രവാദി; ഇന്ത്യയില്‍ എന്തിനാണ് പ്രതിമയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. വിദേശിയായ ലെനിന്‍ തീവ്രവാദിയാണെന്ന് ആരോപിച്ച സുബ്രഹ്മണ്യന്‍ സ്വാമി ലെനിനെ ആരാധിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് കൊണ്ടുപോയി പൂജിച്ചോട്ടെയെന്നും പരിഹസിച്ചു. 

നേരത്തെ ലെനിനിന്റെ പ്രതിമ നീക്കം ചെയ്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബിജെപി വക്താവ് പ്രസ്താവന ഇറക്കിയിരുന്നു.
അക്രമസംസ്‌കാരം ബിജെപിയുടെ രീതിയല്ല. 11 ബിജെപി പ്രവര്‍ത്തകരെ കൊന്നുകളഞ്ഞവരാണ് ഇടതുപക്ഷ പാര്‍ട്ടികള്‍. ഇവരെ പിന്തുണയ്ക്കുന്നവര്‍ ലെനിനിന്റെ പ്രതിമ ബിജെപി തകര്‍ത്തുവെന്ന് ക്രുപ്രചരണം നടത്തുകയാണെന്ന് നളിന്‍ കോഹല്‍ ആരോപിച്ചു.ഇതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

അതേസമയം ലെനിനിന്റെ പ്രതിമ തകര്‍ത്തതിന് പുറമേ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടുദിവസത്തിനകം 514 പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി സിപിഎം ആരോപിച്ചു. 1539 പാര്‍ട്ടി പ്രവര്‍ത്തകരെ ഭവനരഹിതരാക്കി. 196 വീടുകളും 64 പാര്‍ട്ടി ഓഫീസുകളും ബിജെപി ഐപിഎഫ്ടി പ്രവര്‍ത്തകര്‍ കത്തിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ ആരോപിച്ചു.


ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടിയും നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കും ഡിജിപിക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്, ഡിജിപി എ കെ ശുക്ല എന്നിവരെ ടെലിഫോണില്‍ വിളിച്ചാണ് നിര്‍ദേശം നല്‍കിയത്. ത്രിപുരയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇരുവരോടും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് വിരാമം കുറിച്ച് ചരിത്ര വിജയം നേടിയ ബിജെപി, സിപിഎമ്മിന് നേരെ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകളും തകര്‍ത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com