രാഹുലിന്റെ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ ബഹളം ; ഇന്ത്യന്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യൂ എന്ന ആഹ്വാനമെന്ന് സ്മൃതി ഇറാനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2019 01:02 PM  |  

Last Updated: 13th December 2019 01:02 PM  |   A+A-   |  

 

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ ബഹളം. രാഹുല്‍ഗാന്ധി പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സ്ത്രീകളെ  മൊത്തത്തില്‍ രാഹുല്‍ ആക്ഷേപിച്ചതായും ബിജെപി എംപിമാര്‍ കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധിയുടെ ശരീരത്തിലുള്ളത് ഇന്ത്യന്‍ രക്തം ആണെങ്കില്‍, രാജ്യത്തെ സ്ത്രീകളോട് അദ്ദേഹം മാപ്പുപറയണമെന്ന് ഗിരിരാജ് സിങ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി. വിദേശരാജ്യങ്ങളിലടക്കം ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയതാണിത്. ഇതിനെയാണ് ഒരു നേതാവ് മോശമായ തരത്തില്‍ പരാമര്‍ശിച്ചത്. ഇത് രാജ്യത്തെയാണ് മുറിവേല്‍പ്പിച്ചത്. ഇത്തരത്തിലുള്ളവര്‍ നിയമനിര്‍മ്മാണ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടരുതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.

രാഹുല്‍ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടേണ്ടവരാണെന്ന് പറയുന്നത്. ഗാന്ധി കുടുംബത്തില്‍പ്പെട്ട ഒരു പുത്രനാണ്, വരൂ ഇന്ത്യന്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യൂ എന്ന് ആഹ്വാനം ചെയ്യുന്നത്. ഇതാണ് രാജ്യത്തെ ജനങ്ങള്‍ക്ക് രാഹുല്‍ഗാന്ധി നല്‍കുന്ന സന്ദേശം. ഈ പരാമര്‍ശം നടത്തിയ രാഹുലിനെ ശിക്ഷിക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

വിഷയം ഉയര്‍ത്തി രാജ്യസഭയിലും ബിജെപി ബഹളം വെച്ചു. എന്നാല്‍ സഭയില്‍ ഇല്ലാത്ത ആളുടെ പേര് ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു റൂളിംഗ് നല്‍കി. അതിനിടെ രാഹുലിനെ പിന്തുണച്ച് ഡിഎംകെ നേതാവ് കനിമൊഴി രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ മാനിക്കുന്നു. പക്ഷെ ഇന്ന് രാജ്യത്ത് നടക്കുന്നത് എന്താണ്. അതാണ് രാഹുല്‍ഗാന്ധി ഉദ്ദേശിച്ചത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്ത് നടക്കുന്നില്ല. മറിച്ച് രാജ്യത്തെ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയാണ്. വളരെ ആശങ്കയുണ്ടാക്കുന്ന സ്ഥിതിവിശേഷമാണ്. കനിമൊഴി പറഞ്ഞു.

ബഹളം രൂക്ഷമായതോടെ ഇരുസഭകളും 12 മണി വരെ നിര്‍ത്തിവെച്ചു. തുടര്‍ന്ന് പുനരാരംഭിച്ചപ്പോഴും ബഹളം തുടര്‍ന്നതോടെ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയത്. മോദിയുടെ പാര്‍ട്ടിയിലെ ഒരു എംഎല്‍എ തന്നെയാണ് യുപിയില്‍ ഒരു കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ആ കുട്ടിയെ അപകടത്തിലൂടെ അപായപ്പെടുത്താനും ശ്രമിച്ചു. എന്നാല്‍ മോദി ഒരക്ഷരം പോലും ഈ സംഭവത്തില്‍ ഉരിയാടിയിട്ടില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.