മമതയുടെ ശ്രമം നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെന്‍ ഡ്രൈവുകളും ഒളിപ്പിക്കാന്‍ ; ആരോപണം

ശാരദാ ചിട്ടി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ബിജെപി അല്ല. കോണ്‍ഗ്രസാണ്
മമതയുടെ ശ്രമം നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെന്‍ ഡ്രൈവുകളും ഒളിപ്പിക്കാന്‍ ; ആരോപണം

ന്യൂഡല്‍ഹി : പശ്ചിബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി. ശാരദാ ചിട്ടി തട്ടിപ്പു കേസിലെ നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെന്‍ ഡ്രൈവുകളും ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മമതാ ബാനര്‍ജിയുടെ പ്രതിഷേധ ധര്‍ണയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനെ സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഒരു ചുവന്ന ഡയറിയെക്കുറിച്ചും എല്ലാ വിവരങ്ങളും അടങ്ങിയ പെന്‍ ഡ്രൈവുകളെക്കുറിച്ചും ചിട്ടി തട്ടിപ്പു കേസിലെ പ്രധാനപ്രതി അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയിരുന്നു. ആയിരക്കണക്കിനു ചെറുകിട നിക്ഷേപകരുടെ പണം വെട്ടിച്ച ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു ഇപ്പോഴത്തെ കമ്മിഷണറായ രാജീവ് കുമാര്‍. ഇദ്ദേഹത്തില്‍ നിന്നും വസ്തുതകള്‍ അറിയാന്‍ സിബിഐ ശ്രമിക്കുമ്പോള്‍, പൊലീസ് ഉദ്യോഗസ്ഥനെ ഒളിപ്പിക്കാനാണ് മമത പരിശ്രമിക്കുന്നത്.

കേസില്‍ തൃണമൂല്‍ എംപിമാരും എംഎല്‍എമാരുമായ കുണാല്‍ ഘോഷ്, സഞ്ജയ് ബോസ്, സുദീപ് ബന്ദോപാദ്ധ്യായ, തപസ് പാല്‍, മദന്‍ മിത്ര എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാരും സംരക്ഷിക്കാന്‍ ശ്രമിക്കാത്ത മമത ഒരു പൊലീസ് കമ്മിഷണറെ സംരക്ഷിക്കാന്‍ വേണ്ടി തെരുവിലിറങ്ങിയത് എന്തിനാണെന്നും ജാവദേക്കര്‍ ചോദിച്ചു. കേസിലെ രഹസ്യങ്ങള്‍ എല്ലാമറിയുന്നത് രാജീവ് കുമാറിനാണ്. കേസിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു. 

ശാരദാ ചിട്ടി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ബിജെപി അല്ല. കോണ്‍ഗ്രസാണ്.  ഇപ്പോള്‍ മമതാ ബാനര്‍ജിക്കു പിന്തുണ പ്രഖ്യാപിച്ച രാഹുലിന് മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ ബാധിച്ചിരിക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com