സൈനിക നടപടി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും ; കര്‍ണാടകയില്‍ 22 സീറ്റ് കിട്ടുമെന്ന് യെദ്യൂരപ്പ, വിവാദം

സൈനിക നടപടി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും ; കര്‍ണാടകയില്‍ 22 സീറ്റ് കിട്ടുമെന്ന് യെദ്യൂരപ്പ, വിവാദം

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച നടപടി രാജ്യത്ത് മോദി അനുകൂല തരംഗത്തിന് കാരണമായിട്ടുണ്ട്

ബംഗളൂരു : പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഇന്ത്യന്‍ വ്യോമസേനയുടെ നടപടി ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടിക്കൊടുക്കുമെന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പ്രസ്താവന വിവാദത്തില്‍. പാകിസ്ഥാനെതിരായ നടപടി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമാകുമെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  കര്‍ണാടകയില്‍ 22 മുതല്‍ 28 സീറ്റുകള്‍ വരെ ലഭിക്കാന്‍ സഹായിക്കുമെന്നുമാണ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്. 

ദിനംപ്രതി അന്തരീക്ഷം ബിജെപിക്ക് അനുകൂലമാകുകയാണ്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച നടപടി രാജ്യത്ത് മോദി അനുകൂല തരംഗത്തിന് കാരണമായിട്ടുണ്ട്. ഇതിന്റെ ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യെദ്യൂരപ്പ അഭിപ്രായപ്പെട്ടു. 

കേന്ദ്രസര്‍ക്കാരിന്റെ നടപടി കര്‍ണാടകയില്‍ 22 സീറ്റുകളെങ്കിലും വിജയിക്കാന്‍ സഹായിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപിക്ക് 16 സീറ്റുകളാണ് ഉള്ളത്. 10 സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ടെണ്ണം ജെഡിഎസിനുമാണ് നിലവിലുള്ളത്. 

യെദ്യൂരപ്പയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭീകരതക്കെതിരായ സൈന്യത്തിന്റെ നടപടിയെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ഇതിന് തെളിവാണ് യെദ്യൂരപ്പയുടെ പ്രസ്താവന. ജവാന്മാരുടെ ജീവത്യാഗം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്ന് തെളിഞ്ഞതായും അവര്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com