ബിജെപിയെ വിറപ്പിക്കുന്ന യുപി; മതിലുകെട്ടി മഹാസഖ്യം, തിരിച്ചുവരുന്ന കോണ്‍ഗ്രസ്: അതികഠിനം അഞ്ചാംഘട്ടം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്.
ബിജെപിയെ വിറപ്പിക്കുന്ന യുപി; മതിലുകെട്ടി മഹാസഖ്യം, തിരിച്ചുവരുന്ന കോണ്‍ഗ്രസ്: അതികഠിനം അഞ്ചാംഘട്ടം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 2014ല്‍ 80ല്‍ 71 സീറ്റും നേടി സംസ്ഥാനം തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല. എസ്പി-ബിഎസ്പി സഖ്യമുയര്‍ത്തുന്ന വെല്ലുവിളിയാണ് അതില്‍ ഏറ്റവും കഠിനം. മെയ് ആറിന് തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പോളിങ് ബൂത്തിലേക്ക് കടക്കാന്‍ പോകുന്ന 14 സീറ്റുകളിലും ബിജെപി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. 


കോണ്‍ഗ്രസ് ശക്തികേന്ദ്രമായ അമേഠിയും റായ്ബറേലിയും ഒഴിച്ച്  പതിനാലില്‍ പന്ത്രണ്ട് സീറ്റും 2014ലെ മോദി തരംഗത്തില്‍ ബിജെപിക്കൊപ്പം പോന്നിടമാണ് മധ്യയുപി. എസ്പിയും ബിഎസ്പിയും പരസ്പരം പോരടിച്ചതാണ്  ബിജെപിക്ക് അനായാസ വിജയത്തിന്് വഴിയൊരുക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. എന്നാല്‍ ഇത്തവണ ചിരവൈരികള്‍ പൊതുശത്രുവിനെ നേരിടാന്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ 2014 ആവര്‍ത്തിക്കുന്ന കാര്യത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ സംശയങ്ങളുണ്ട്. 

ബഹ്‌റായിച്ച്, മോഹന്‍ലാല്‍ഗഞ്ച്,സീതാപൂര്‍, കൈസര്‍ഗഞ്ച്, കൗസംഭി, ബാന്ദ,
 ധൗരാഹ്‌റ എന്നിവിടങ്ങളില്‍ സഖ്യം ബിജെപിക്ക് കനത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. ഫൈസാബാദ്, ഗോന്ധ, ലഖ്‌നൗ, ഫത്തേപ്പൂര്‍, ബരാബങ്കി എന്നിവിടങ്ങളില്‍ പക്ഷേ ബിജെപിക്ക് മേല്‍ക്കോയ്മ നിലനിര്‍ത്താനാകും. 

കോണ്‍ഗ്രസിനും അത്ര എളുമപ്പല്ല കാര്യങ്ങള്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ കനത്ത മത്സമരാണ് നേരിടുന്നത്. സോണിയ ഗാന്ധിക്കും കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ പ്രധാനിയായ ജിതിന്‍ പ്രസാദയ്ക്കും ബിജെപി വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. 

ബിജെപി നേതാവായിരുന്ന സാധ്വി സാവിത്രി ഭായ് ഫുലെ ബഹ്‌റായിച്ചില്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്.  ബരാബങ്കിയില്‍ ബിജെപി സിറ്റിങ് എംപി പ്രിയങ്ക സിങ് റാവത്തിന് സീറ്റ് നല്‍കിയിട്ടില്ല. പകരം എംഎല്‍എ ഉപേന്ദ്ര റാവത്തിനാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്.നാല് തവണ എംപിയായ റാം സാഗര്‍ റാവത്തിനാണ് മഹാസഖ്യം ടിക്കറ്റ് നല്‍കിയിരിക്കുന്നത്. 

സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായി കണക്കാക്കുന്ന ബരാബങ്കിയില്‍ ബിജെപി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ തവണ ബിജെപി 4,54,214വേട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് 2,42,336 വോട്ട് നേടി. ബിഎസ്പിയായിരുന്നു മൂന്നാം സ്ഥാനത്ത് 1,67,150വോട്ട്. 1,59,284വോട്ട് നേടി എസ്പി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ ഇത്തവണ എസ്പിയും-ബിഎസ്പിയും ഒരുമിക്കുന്നതോടെ ചിത്രം മാറും. 

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വിറപ്പിക്കുന്ന പ്രചാരണമാണ് സ്മൃതി ഇറാനി നടത്തുന്നത് എന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ തവണ 1,07,903 വോട്ടിനാണ് സ്മൃതി രാഹുലിനോട് പരാജയപ്പെട്ടത്. രാഹുല്‍ 46.71 ശതമാനം വോട്ട് നേടിയപ്പോള്‍ ഇറാനി 34.38 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ സ്മൃതിക്ക് സാധിച്ചു. ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര പ്രതാപ് സിങിന് ലഭിച്ചത് 57,716വോട്ടാണ്. ഇത്തവണ മണ്ഡലത്തില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടമാണ് നടക്കുന്നത്. 

5,26,434 വോട്ട് നേടി 3.5 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി 2014ല്‍ റായ്ബറേലിയില്‍ നിന്ന് വിജയിച്ചു കയറിയത്. ഇത്തവണ മുന്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് പ്രതാപ് സിങിനെയാണ് ബിജെപി സോണിയക്ക് എതിരെ രംഗത്തിറക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com