

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ളള ബിജെപി സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ടെടുപ്പു തേടണമെന്ന് സുപ്രീം കോടതി. നടപടികള്‍ മാധ്യമങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്നും ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. എന്‍സിപിയിലെ അജിത് പവാറിന്റെ പിന്തുണയോടെ ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ ഉത്തരവിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കര്‍ണാടക കേസിനു സമാനമായ രീതിയിലാണ് മഹാരാഷ്ട്ര കേസിലും സുപ്രീം കോടതിയുടെ ഉത്തരവ്. നാളെ അഞ്ചു മണിക്കു മുമ്പായി വിശ്വാസവോട്ടെടുപ്പു നടത്തണം. രാവിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നും ജസ്റ്റിസ് എന്‍വി രമണ നിര്‍ദേശിച്ചു.
 
ഫഡ്‌നാവിസിനോട് ഉടന്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണമെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ വാദം. എന്നാല്‍ പ്രതിപക്ഷത്തിന്റെ അഭിഭാഷകരുടെ വാദം ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. എത്രസമയത്തിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഇതില്‍ കോടതി ഇടപെടരുത്. മാത്രമല്ല, സ്പീക്കറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂ എന്നും റോത്തഗി ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി സമയം അനുവദിക്കരുതെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. സഭയിലെ ഏറ്റവും സീനിയര്‍ ആയ എംഎല്‍എയെ പ്രോട്ടെം സ്പീക്കറായി നിയമിച്ച് ഫഡ്‌നാവിസ് സര്‍ക്കാറിനെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആണ് സിങ് വി വാദിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളും മറുപടിയും നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് കൈമാറി. അജിത് പവാര്‍ നല്‍കിയ കത്തില്‍ 54 എംഎല്‍എമാരുടെ ഒപ്പുണ്ട്. 170 പേരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു. കത്തില്‍ താനാണ് എന്‍സിപി നിയമസഭാ കക്ഷി നേതാവെന്ന് അജിത് പവാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.
ഫഡ്‌നവിസിന് ഗവര്‍ണര്‍ നല്‍കിയ കത്തും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. 
സംസ്ഥാനത്ത് പുലര്‍ച്ചെ 5.47 നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ഫഡ്‌നാവിസ് രാവിലെ എട്ടുമണിക്കാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇത്ര അടിയന്തരമായി നടപടി സ്‌വീകരിക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നത് എന്നും ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചോദിച്ചു.
അജിത് പവാറിന് എന്‍സിപി എംഎല്‍എമാരുടെ പിന്തുണയില്ലെന്ന് എന്‍സിപി അഭിഭാഷകന്‍ മനു അഭിഷേക് സിങ് വി പറഞ്ഞു. ഒരു പേപ്പറില്‍ എംഎല്‍എമാരുടെ ഒപ്പുവെച്ച കടലാസ് മാത്രമാണുള്ളത്. ഇതില്‍ ബിജെപിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കവറിങ് ലെറ്റര്‍ ഇല്ലെന്ന് സിങ് വി ചൂണ്ടിക്കാട്ടി. ഞാനാണ് എന്‍സിപി എന്നും, ഭരണഘടനാപരമായും നിയമപരമായും തന്റെ കത്തില്‍ തെറ്റില്ലെന്നും അജിത് പവാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിങ് പറഞ്ഞു. ഹര്‍ജിക്കാര്‍ ആദ്യം പോകേണ്ടത് ഹൈക്കോടതിയില്‍ ആയിരുന്നെന്നും മനീന്ദര്‍ സിങ് വാദിച്ചു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates