

തിരുവനന്തപുരം: രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
'ഒരു ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടും. മാതൃഭാഷയോടൊപ്പം ഹിന്ദിയും ഉപയോഗിക്കാം'- ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. 'ഹിന്ദി ദിവസില്‍' ആശംസകള്‍ അറിയിച്ചായിരുന്നു ഗവര്‍ണറുടെ കുറിപ്പ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭാഷ വിവാദത്തിനു തുടക്കമിട്ടത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. ഗാന്ധിജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നം യഥാര്‍ഥ്യമാകാന്‍ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്ന് അമിത് ഷാ ആഹ്വാനം ചെയ്തു.
''ഇന്ത്യ പലവിധ ഭാഷകളുടെ രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക ഭാഷ ഉണ്ടാവേണ്ടതും പ്രധാനമാണ്. അങ്ങനെയൊരു ഭാഷയുണ്ടാവുമെങ്കില്‍ അതു ഹിന്ദിയാണ്'' അമിത് ഷാ ട്വീറ്റ് ചെയ്തു.
എന്നാല്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ ബിജെപി തകര്‍ക്കുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തി.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം എതിര്‍ത്തുക്കൊണ്ടിരിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായുടെ ഇന്നത്തെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണ്. അത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും. അദ്ദേഹം തന്റെ പ്രസ്താവന പിന്‍വലിക്കണം. പാര്‍ട്ടി എക്‌സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്ന് വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഹിന്ദി ദിനാചരണത്തിന് ആശംസകള്‍ അര്‍പ്പിച്ച്‌ക്കൊണ്ടുള്ള ട്വീറ്റിലൂടെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അമിഷായുടെ വാദം തള്ളിയത്. എല്ലാ ഭാഷകളേയും സംസ്‌കാരങ്ങളേയും നാം തുല്യമായി ബഹുമാനിക്കണം. നമ്മള്‍ ഒരുപാട് ഭാഷകള്‍ പഠിച്ചേക്കാം. എന്നിരുന്നാലും മാതൃഭാഷ മറക്കരുതെന്നും മമത ട്വീറ്റ് ചെയ്തു.
ഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും അമിത് ഷായുടെ പ്രസ്താവനക്കെതിര രംഗത്തെത്തി. ഹിന്ദി എല്ലാവരുടേയും മാതൃഭാഷയല്ല. ഈ ദേശത്തുള്ള അനേകം മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും വിലമതിക്കാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാമോയെന്നും ഒവൈസി പറഞ്ഞു. ഹിന്ദിയേക്കാളും ഹിന്ദുവിനേക്കാളും ഹിന്ദുത്വത്തിനേക്കാളും വലുതാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യയും ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമിയും അമിത് ഷായെ വിമര്‍ശിച്ച് രംഗത്തെത്തി.
ഭാഷകള്‍ അറിവിന്റെ അടിസ്ഥാനങ്ങളാണന്നും അവ പകര്‍ന്നുകൊടുക്കേണ്ടത് സ്‌നേഹത്തോടെയാണെന്നും അല്ലാതെ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്നും സിദ്ധരാമയ്യ പറഞ്ഞു. തങ്ങള്‍ ഹിന്ദിക്ക് എതിരല്ലെന്നും എതിര്‍ക്കുന്നത് ഹിന്ദിയുടെ നിര്‍ബന്ധിത അടിച്ചേല്‍പ്പിക്കലിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates