പൂജയ്ക്കിടെ പശു വിഴുങ്ങിയത് 80,000 രൂപയുടെ സ്വർണ മാല! ശസ്ത്രക്രിയ

പൂജയ്ക്കിടെ പശു വിഴുങ്ങിയത് 80,000 രൂപയുടെ സ്വർണ മാല! ശസ്ത്രക്രിയ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ​പൂജ നടക്കുന്നതിനിടെ പശു സ്വർണ മാല വിഴുങ്ങി. വീണ്ടെടുക്കാൻ പശുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി മാല പുറത്തെടുത്തു. കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസിയിലാണ് അപൂർവ സംഭവം. ശ്രീകാന്ത് ഹെഗ്‌ഡേ എന്നയാളുടെ പശുവിനെയാണ് സ്വർണം വിഴുങ്ങിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയത്. 

ദീപാവലി ദിവസം നടത്തിയ ഗോ പൂജയ്ക്കിടെയാണ് പശു സ്വർണം വിഴുങ്ങിയത്. പൂജയുടെ ഭാഗമായി പശുവിനെ സ്വർണം അണിയിച്ചിരുന്നു. പൂക്കൾ കൊണ്ടുണ്ടാക്കിയ മാലയ്‌ക്കൊപ്പം 80,000 രൂപയുടെ സ്വർണമാലയും പശുവിന്റെ കഴുത്തിൽ ഇട്ടുകൊടുത്തു. പൂജയ്ക്കു ശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്‌ക്കൊപ്പം സ്വർണമാലയും കാണാതായി. വീട് മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 

തുടർന്നാണ് സ്വർണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയർന്നത്. സ്വർണമാലയ്ക്ക് വേണ്ടി ഒരു മാസത്തോളം ഇവർ പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്ന് ശ്രീകാന്ത് ഹെഗ്‌ഡേ പറഞ്ഞു. 

പശു സ്വർണം വിഴുങ്ങിയെന്ന സംശയവുമായി കുടുംബം മൃഗ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ മേൽനോട്ടത്തിൽ മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ പശുവിന്റെ ശരീരത്തിൽ സ്വർണം ഉള്ളതായി സ്ഥിരീകരിച്ചു. സ്‌കാനിങ്ങിന് വിധേയമാക്കി നടത്തി സ്വർണത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി. ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ നടത്തി സ്വർണം പുറത്തെടുത്തു. പുറത്തെടുത്തപ്പോൾ മാലയുടെ ഒരു കഷ്ണം കാണാതായിട്ടുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com