പ്രാര്‍ത്ഥനകള്‍ വിഫലം ; ക്യാപ്റ്റന്‍ വരുണ്‍ സിങ്ങും അന്തരിച്ചു

ബംഗലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ഇന്നുരാവിലെയായിരുന്നു അന്ത്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗലൂരു: ഊട്ടി കുനൂരില്‍ ഹോലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബംഗലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ഇന്നുരാവിലെയായിരുന്നു അന്ത്യം. മരണം വ്യോമസേന സ്ഥിരീകരിച്ചു. ഇതോടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനൊപ്പം അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. 


ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.  വരുണ്‍ സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. വരുണ്‍സിങിന്റെ സേവനം രാജ്യം ഒരുകാലത്തും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വരുണ്‍ സിങ്ങിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു. ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിങ്ങിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും,  മരുന്നുകളോട് പ്രതികരിക്കുന്നതായും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭിപ്രായപ്പെട്ടിരുന്നു. 

ശൗര്യചക്ര പുരസ്‌കാരം ലഭിച്ച സൈനികന്‍

ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. 39 കാരനായ വരുണ്‍ സിങ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. വ്യോമസേനയില്‍ വിങ് കമാന്‍ഡറായ വരുണ്‍ സിങ് 2020 ഒക്ടോബര്‍ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അര്‍ഹനായത്. 

വിമാനത്തിന്റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മര്‍ദ സംവിധാനത്തിനുമാണ് അന്ന് തകരാര്‍ നേരിട്ടത്. ഉയര്‍ന്ന വിതാനത്തില്‍ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് മനസ്ഥൈര്യത്തോടെ നേരിടുകയായിരുന്നു. ഡിസംബര്‍ എട്ടിനാണ് ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മരിച്ചവരില്‍ മലയാളി വാറണ്ട് ഓഫീസര്‍ എ പ്രദീപും ഉള്‍പ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com