സ്‌കൂളുകളും കോളജുകളും അടച്ചു, കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം; ഡല്‍ഹിയില്‍ കടുത്ത കോവിഡ് നിയന്ത്രണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th December 2021 01:59 PM |
Last Updated: 28th December 2021 01:59 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രകാരം സ്‌കൂളുകളും കോളജുകളും അടച്ചു. കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തന അനുമതി. റസ്റ്ററന്റുകളിലും മെട്രോ ട്രെയിനിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.
സ്വിമിങ് പൂള്‍, ജിം, തീയറ്റര്‍ എന്നിവ അടച്ചു. മാളുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാക്കി. വിവാഹത്തില്‍ ആളുകള്‍ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്.
ഏതാനും ദിവസങ്ങളായി ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് കെജരിവാള്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ ഓക്‌സിജന്‍ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കെജരിവാള്‍ അറിയിച്ചു.
ഒമൈക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നില്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നേരത്തെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.