

ഗ്ലാസ്‌ഗോ: 2070ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോ (പുറന്തള്ളലും അന്തരീക്ഷത്തില്‍നിന്നുള്ള ഒഴിവാക്കലും സമമാക്കല്‍) ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് 'പഞ്ചാമൃത' പദ്ധതിയാണ് ഇതിനുവേണ്ടിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
2030ഓടെ 500 മെഗാവാട്ടിന്റെ ഫോസില്‍ ഇതര ഇന്ധനശേഷി കൈവരിക്കും, രാജ്യത്തെ ഫോസില്‍ ഇതര ഇന്ധനോപയോഗം ഇക്കാലയളവുകൊണ്ട് 50 ശതമാനമാക്കും, 20 കൊല്ലം കൊണ്ട് കാര്‍ബണ്‍ വാതക പുറന്തള്ളലില്‍ 100 കോടി ടണ്ണിന്റെ കുറവുവരുത്തും. സാമ്പത്തികവളര്‍ച്ചയ്ക്ക് കാര്‍ബണ്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇക്കാലയളവുകൊണ്ട് 45 ശതമാനത്തില്‍ താഴെയാക്കും എന്നിവയാണ് 'പഞ്ചാമൃതത്തി'ലെ മറ്റു നാലുകാര്യങ്ങള്‍. ചൈന 2060ഉം യുഎസും യൂറോപ്യന്‍ യൂണിയനും 2050ഉം ആണ് 'നെറ്റ് സീറോ' ലക്ഷ്യവര്‍ഷമായി വെച്ചിരിക്കുന്നത്.
കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്ന കാര്യത്തില്‍ അതുണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ കുറയ്ക്കുന്നതിനും അതില്‍നിന്നുളവാകുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രാധാന്യം കൊടുത്തേ തീരൂവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചും വരാനിടയുള്ള പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചും മാത്രം പറയുന്നത് അതിന്റെ ആഘാതം കൂടുതല്‍ അനുഭവിക്കുന്ന വികസ്വര രാജ്യങ്ങളോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ വികസന നയങ്ങളിലും പദ്ധതികളിലും അവസരങ്ങള്‍ പ്രയോജനപ്പെടുത്തല്‍ മുഖ്യഘടകമാക്കേണ്ടത് ആവശ്യമാണെന്നും രണ്ടുമിനിറ്റ് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
''ഒട്ടേറെ പരമ്പരാഗത ജനവിഭാഗങ്ങള്‍ക്ക് പ്രകൃതിയുമായി പൊരുത്തപ്പെട്ടു കഴിയാനുള്ള അറിവുകള്‍ കൈവശമുണ്ട്. ഇത്തരം അറിവുകള്‍ പുതുതലമുറയിലേക്ക് കൈമാറുന്നുവെന്ന് ഉറപ്പുവരുത്തണം. അവ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം '-അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates