വാറ്റ് നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; കര്‍ണാടകയില്‍ ഏഴു രൂപയും യുപിയില്‍ 12 രൂപയും കുറച്ചു

ബിജെപി ഭരിക്കുന്ന ഒമ്പതു സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഇളവിന് പുറമേ വാറ്റ് നികുതിയിലും കുറവ് വരുത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് നികുതി കുറച്ചു. ബിജെപി ഭരിക്കുന്ന ഒമ്പതു സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഇളവിന് പുറമേ വാറ്റ് നികുതിയിലും കുറവ് വരുത്തിയത്. 

കര്‍ണാടക, അസം, ത്രിപുര, മണിപ്പൂര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് നികുതി കുറച്ചത്. കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ കര്‍ണാടകയില്‍ പെട്രോള്‍ 95.50 രൂപക്കും ഡീസല്‍ 81.50 രൂപക്കും ലഭിക്കും. 

അസം, ത്രിപുര, മണിപ്പൂര്‍, ഗുജറാത്ത് സര്‍ക്കാരുകളും വാറ്റ് വികുതി ഏഴു രൂപ കുറച്ചു. ഉത്തര്‍പ്രദേശ് 12 രൂപയും ഉത്തരാഖണ്ഡ് രണ്ടു രൂപയും കുറച്ചു. ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ്  ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു. 

റെക്കോർഡ് വർധനവിനു ശേഷം വില കുറച്ചു

ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.

സെപ്റ്റംബറിൽ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വർധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com