സ്കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ചു, ഏഴു വയസുകാരനും അച്ഛനും മരിച്ചു-വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 07:22 AM  |  

Last Updated: 05th November 2021 10:15 AM  |   A+A-   |  

firecrackers

പ്രതീകാത്മക ചിത്രം

 

ചെന്നൈ; ദീപാവലി ആഘോഷിക്കാൻ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. 37 കാരനായ കലൈയരശനും ഏഴ് വയസുകാരനായ മകൻ പ്രദീഷുമാണ് മരിച്ചത്. അപകടത്തിൽ റോഡിലൂടെ പോവുകയായിരുന്ന മൂന്ന് ബൈക്ക് യാത്രികർക്കും പരുക്കേറ്റു. 

അപ്രതീക്ഷിതമായി പൊട്ടിത്തെറി

വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്തുവച്ചായിരുന്നു അപകടം. ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ സ്‌കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. അപ്രതീക്ഷിതമായി ഒരു സഞ്ചിയിലെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. 

പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതെന്ന് നി​ഗമനം

വലിയ സ്ഫോടനമാണ് പടക്കം പൊട്ടിയതിനെ തുടർന്നുണ്ടായത്. കലൈയരശന്റേയും മകന്റേയും പ്രദീഷിന്റേയും ശരീരം പല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. റോഡിലൂടെ പോയ മൂന്ന് ബൈക്ക് യാത്രികർക്ക് അപകടത്തിൽ പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയു.