ഇന്ത്യൻ മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം; പത്ത് പാകിസ്ഥാൻ നാവിക സേനാ ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്

ഇന്ത്യൻ മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം; പത്ത് പാകിസ്ഥാൻ നാവിക സേനാ ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള വെടിയുതിർത്ത സംഭവത്തിൽ പത്ത് പാകിസ്ഥാൻ നാവിക സേനാ ഉദ്യോഗസ്ഥർക്കെതിരെ കേസ്. പാക് വെടിവയ്പിൽ ഇന്ത്യക്കാരനായ മത്സ്യബന്ധനത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോർബന്ദർ നവി ബന്ദാർ പൊലീസ് കേസെടുത്തിരിക്കുന്നത്.  

അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ശനിയാഴ്ച വൈകീട്ടാണ് പാക് വെടിവയ്പുണ്ടായത്. വെടിവയ്പിൽ പരിക്കേറ്റ ദിലീപ് നടു സോളങ്കി എന്ന മത്സ്യബന്ധനത്തൊഴിലാളിയുടെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ശ്രീധർ രമേഷ് ചാംറേ എന്ന മുപ്പത്തിരണ്ടുകാരനാണ് പാക് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ജൽപരി എന്ന മത്സ്യബന്ധന ബോട്ടിന് നേരെയാണ് വെടിവയ്പുണ്ടായത്. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരിൽ ഒരാൾക്ക് വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ഓഖയിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളുള്ളത്. 

ഗുജറാത്ത് തീരത്ത് നിന്ന് ഒക്ടോബർ 26നായിരുന്നു ജൽപരി പുറപ്പെട്ടത്. ജകൌ തീരത്തിന് സമീപത്ത് വച്ച് പാക് നാവിക സേന ഇവരെ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം മറ്റൊരു മത്സ്യ ബന്ധന ബോട്ടിൽ നിന്ന് ആറുപേരെ പാക് നാവിക സേന പിടികൂടിയതായി പോർബന്ദറിലെ മത്സ്യത്തൊഴിലാളി നേതാവ് മനീഷ് ലോഡ്ഹരി ആരോപിച്ചു. ശ്രീ പദ്മിനി എന്ന ബോട്ടും പാക് നാവിക സേന പിടിച്ചെടുത്തതായാണ് പരാതിയിൽ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com