'ഭാര്യയെ പരി​ഗണിച്ചത് പണം കായ്ക്കുന്ന മരമായി മാത്രം'- പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് വിവാ​ഹ മോചനം അനുവ​ദിച്ച് ഹൈക്കോടതി

'ഭാര്യയെ പരി​ഗണിച്ചത് പണം കായ്ക്കുന്ന മരമായി മാത്രം'- പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് വിവാ​ഹ മോചനം അനുവ​ദിച്ച് ഹൈക്കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഭാര്യയുടെ പണം മാത്രമാണ് ഭർത്താവ് പരി​ഗണിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് വിവാ​ഹ മോചനം അനുവ​ദിച്ച് ഡൽഹി ഹൈക്കോടതി. ഭാര്യയെ പണം കായ്ക്കുന്ന മരമായി മാത്രമാണു ഭർത്താവ് പരിഗണിച്ചതെന്നു കോടതി നിരീക്ഷിച്ചു. 

യാതൊരു വൈകാരികമായ അടുപ്പവുമില്ലാതെ ഭൗതികമായ താത്പര്യങ്ങൾ മാത്രമാണ് ഭർത്താവിനുണ്ടായിരുന്നതെന്നും ഇതു ഭാര്യയ്ക്ക് മാനസികമായ ആഘാതമുണ്ടാക്കിയെന്നും ജസ്റ്റിസ് വിപിൻ സൻഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യക്ക് ഡൽഹി പൊലീസിൽ ജോലി കിട്ടിയതിനു ശേഷം മാത്രമാണ് ഭർത്താവിന് അവളിൽ താത്പര്യം വർധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭാര്യക്കെതിരായ ക്രൂരതയായി ഇതു കണക്കാക്കാവുന്നതാണ്. ഭാര്യയുടെ വരുമാനത്തിൽ മാത്രമായിരുന്നു ഭർത്താവിന്റെ കണ്ണെന്നും കോടതി വ്യക്തമാക്കി.

തൊഴിൽരഹിതനായ ഭർത്താവ് പണം ആവശ്യപ്പെട്ട് മദ്യ ലഹരിയിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നു കാട്ടിയാണു യുവതി വിവാഹ മോചന ഹർജി സമർപ്പിച്ചത്. കുടുംബ കോടതി ഹർജി തള്ളിയതോടെയാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. 2005ൽ വിവാഹിതരായിട്ടും 2014ൽ യുവതിക്ക് ഡൽഹി പൊലീസിൽ ജോലി കിട്ടുന്നതുവരെ അവരെ ഭർത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. 

എന്നാൽ യുവതിയുടെ പഠനത്തിനു വേണ്ടി പണം മുടക്കിയത് താനാണെന്നും അതുകൊണ്ടാണ് ഭാര്യക്കു ജോലി കിട്ടിയതെന്നുമായിരുന്നു ഭർത്താവിന്റെ വാദം. കോടതി ഇത് അംഗീകരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com