കാവലാളായി നായ, ഒരേസമയം 150 പേരെ രക്ഷിച്ചു; സംഭവമിങ്ങനെ 

ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ വിഎംഎകെഎസ് ചാലെറ്റ് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: മനുഷ്യനോട് ഏറ്റവും ഇണങ്ങി ജീവിക്കുന്ന മൃഗമാണ് നായ. യജമാനനെ ആപത്തുകളില്‍ നിന്ന് വളര്‍ത്തുനായ രക്ഷിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ ആളുകളെയും രക്ഷിച്ച വളര്‍ത്തുനായയാണ് സോഷ്യല്‍മീഡിയയിലെ താരം.

ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ വിഎംഎകെഎസ് ചാലെറ്റ് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റിലെ തീപിടിത്തത്തില്‍ നിന്ന് 150 താമസക്കാരെയാണ് വളര്‍ത്തുനായ രക്ഷിച്ചത്. തീ ഉയരുന്നത് ഉടനെ തന്നെ ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് വളര്‍ത്തുനായ രക്ഷകനായി മാറിയത്. 

വിജയ് പിള്ളയുടെ ഫ്‌ലാറ്റിലെ വളര്‍ത്തുനായയാണ് അപ്പാര്‍ട്ട്‌മെന്റിലെ എല്ലാവരുടെയും ജീവന്‍ രക്ഷിച്ചത്. തീ ഉയരുന്ന സമയത്ത് വിജയ് പിള്ള ജോലിക്കാര്യവുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. വീട്ടില്‍ വിജയ് പിള്ളയുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അമ്മ വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് വളര്‍ത്തുനായയായ അപ്പു നിര്‍ത്താതെ കുരയ്ക്കുന്നത് കണ്ടു. എപ്പോഴും ശാന്തസ്വഭാവക്കാരനായ നായ കുരയ്ക്കുന്നത് കണ്ട് പന്തിക്കേട് തോന്നിയ വിജയ് പിള്ളയുടെ അമ്മ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചറിയിച്ചു. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന രണ്ടു മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണം. ഫ്രിഡ്ജില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും ആളപായമില്ല. വളര്‍ത്തുനായയുടെ സമയോചിതമായ ഇടപെടലാണ് എല്ലാവര്‍ക്കും രക്ഷയായത്. കെട്ടിട സമുച്ചയത്തില്‍ 50 വീടുകളിലായി 150 പേരാണ് താമസിക്കുന്നത്. എല്ലാവരുടെയും സ്‌നേഹഭാജനമായി മാറിയിരിക്കുകയാണ് അപ്പു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com