മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി; ഒന്നേകാൽ മണിക്കൂർ നീണ്ട കൂടിക്കാഴ്ച

കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി
മോദിയും മാർപാപ്പയും/ ട്വിറ്റർ ചിത്രം
മോദിയും മാർപാപ്പയും/ ട്വിറ്റർ ചിത്രം

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദി  ഇന്ത്യയിലേക്ക് ക്ഷണിച്ചു.  വത്തിക്കാനിലെ പേപ്പൽഹൗസിലെ ലൈബ്രറി ഹാളിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 20 മിനുട്ടാണ് നേരത്തെ അനുവദിച്ചിരുന്നതെങ്കിലും ചർച്ച ഒന്നേകാൽ മണിക്കൂറോളം നീണ്ടു നിന്നു.  കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. 

വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും പങ്കെടുത്തു. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് നേരത്തെ മുതൽ രാജ്യത്തെ ക്രൈസ്തവമത മേലധ്യക്ഷന്മാർ ആവശ്യപ്പെട്ടിരുന്നു. കർദിനാൾമാർ ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

1999ലാണ് അവസാനമായി ഒരു മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്നത്. എ ബി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചത്.  2000 ല്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയ് വത്തിക്കാനിലെത്തിയും മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തിയത്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവാഹർലാൽ നെഹ്റുവാണ്  ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. 1981 ൽ  ഇന്ദിര ഗാന്ധിയും, 1997 ൽ ഐ കെ ഗുജ്റാളും 2000 ൽ എ ബി വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചിരുന്നു.

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കും. 'ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം' എന്ന വിഷയത്തിലാണ് യോഗം. തുടര്‍ന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചര്‍ച്ച നടത്തും.

ജി-20 ഉച്ചകോടിക്കുശേഷം ഞായറാഴ്ച റോമില്‍നിന്ന് പ്രധാനമന്ത്രി നേരെ സ്‌കോട്ലന്‍ഡിലെ ഗ്ലാസ്‌ഗോവിലേക്ക് പോവും. അവിടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ സ്‌പെയിന്‍ പ്രധാനമന്ത്രി പെദ്രൊ സാന്‍ചെസുമായും ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com