വര്‍ഷങ്ങളോളം കാത്തിരിക്കണോ?; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കല്‍; യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ലഖിംപുര്‍ ഖേരി കൂട്ടക്കൊലയിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിന് എതിരായ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിലുള്ള തീരുമാനം വൈകുന്നതിന് യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി കൂട്ടക്കൊലയിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിന് എതിരായ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിലുള്ള തീരുമാനം വൈകുന്നതിന് യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ആശിഷ് മിശ്ര രാജ്യം വിട്ട് പോകുമെന്ന ആശങ്കയില്ലെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യത്തിന് എതിരെ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിമര്‍ശനം. ഹര്‍ജി വിധിപറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുകയാണോ പിന്തുണയ്ക്കുകയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു. അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയല്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, കോടതിക്ക് സര്‍ക്കാര്‍ നിലപാട് കൃത്യമായി അറിയണമെന്നും വ്യക്തമാക്കി. 

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കണമെന്ന് ലഖിംപുര്‍ ഖേരി കൂട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചുവരികയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി കോടതിയെ അറിയിച്ചു.

ലഖിംപുര്‍ ഖേരിയില്‍ ഉണ്ടായ അക്രമം ഗൗരവമേറിയതാണെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതില്‍ പറഞ്ഞു. അതിനാലാണ് ഹൈക്കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തത്. സാക്ഷികള്‍ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്. ഈ വാദത്തിനോട് യോജിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com