40 മണിക്കൂര്‍ നീണ്ട രക്ഷൗദൗത്യം, 57 പേരെ രക്ഷിച്ചു, ഒരാള്‍ കൂടി ഹെലികോപ്റ്ററില്‍ നിന്ന് വീണു മരിച്ചു- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 03:08 PM  |  

Last Updated: 12th April 2022 03:08 PM  |   A+A-   |  

Trikut_Ropeway0

കേബിള്‍ കാറുകളില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ വഴി രക്ഷിക്കുന്നു/എയര്‍ ഫോഴ്‌സ് പുറത്തുവിട്ട വിഡിയോയില്‍നിന്നുള്ള ദൃശ്യം

 

റാഞ്ചി: ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയായി. മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ കേബിള്‍ കാറില്‍ കുടുങ്ങിക്കിടന്ന അവശേഷിക്കുന്നവരെയും വ്യോമസേന രക്ഷിച്ചു. ഒരാള്‍ കൂടി വീണ് മരിച്ചതോടെ മരണം മൂന്നായി.

ദിയോഘര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. 15 പേരെ കൂടിയാണ് രക്ഷിക്കാന്‍ ഉണ്ടായിരുന്നത്. കേബിള്‍ കാറില്‍ ജീവിതമെന്നോ മരണമെന്നോ ഉറപ്പില്ലാതെ ഏകദേശം 40 മണിക്കൂര്‍ കഴിഞ്ഞ അവശേഷിക്കുന്ന 14 വിനോദസഞ്ചാരികളെയും രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു സ്ത്രീ ഹെലികോപ്റ്ററില്‍ നിന്ന് വീണു മരിക്കുകയായിരുന്നു.

ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. 60 വയസ്സുള്ള ശോഭാ ദേവിയാണ് മരിച്ച മൂന്നാമത്തെയാള്‍. 

രക്ഷപ്പെട്ട 14 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധയുടെ ഭാഗമായാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് എഡിജിപി ആര്‍ കെ മാലിക് പറഞ്ഞു. 

 

കഴിഞ്ഞദിവസം കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് 60 പേരാണ് കുടുങ്ങിക്കിടന്നത്. ഇതില്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. പരിക്കേറ്റ 12 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വ്യോമസേന, കരസേന, ഇന്തോ- ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സേന ഉള്‍പ്പെടെയുള്ളവരാണ് രക്ഷാദൗത്യത്തില്‍ പങ്കാളിയായത്.

ഈ വാർത്ത കൂടി വായിക്കൂ

നിമിഷപ്രിയയുടെ മോചനം; ഇടപെടാനാവില്ലെന്ന് കേന്ദ്രം, ഹര്‍ജി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ