മുംബൈ: സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ആത്മാര്‍ഥമായ ഇടപെടലും സ്‌കൂള്‍ യൂണിഫോമും വീട് വിട്ടിറങ്ങിയ പത്തുവയസുകാരനെ മാതാപിതാക്കളുമായി ഒന്നിപ്പിക്കുന്നതില്‍ വഴിത്തിരിവായി. വീട് വിട്ടിറങ്ങിയ ഭിന്നശേഷിക്കാരനായ കുട്ടി ട്രെയിനില്‍ 580 കിലോമീറ്ററാണ് സഞ്ചരിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ കുട്ടിയെ മധ്യപ്രദേശില്‍ നിന്നാണ് കണ്ടുകിട്ടിയത്.
മുംബൈയ്ക്ക് സമീപമുള്ള ഖാര്‍ഘര്‍ സ്വദേശിയായ പത്തുവയസുകാരനാണ് ട്രെയിനില്‍ കയറി സഞ്ചരിച്ചത്. മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ കുട്ടി ഉച്ചയായിട്ടും വീട്ടിലേക്ക് തിരികെ വന്നില്ല. കുട്ടിക്ക് വേണ്ടി മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി അന്വേഷണം നടത്തുന്നതിനിടെയാണ് 580 കിലോമീറ്റര്‍ അകലെ മധ്യപ്രദേശിലെ ഖാണ്ഡവയില്‍ നിന്ന് കുട്ടിയെ കിട്ടിയത്.
ധരിച്ചിരുന്ന സ്‌കൂള്‍ യൂണിഫോവും ട്രെയിനില്‍ യാത്ര ചെയ്തിരുന്ന നീന്തല്‍ക്കാരനും സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ് കുട്ടിയെ വീട്ടുകാരുമായി ചേര്‍ക്കുന്നതില്‍ നിര്‍ണായകമായത്. കല്യാണില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് നീന്തല്‍ക്കാരന്‍ അരവിന്ദ് കുട്ടിയെ ശ്രദ്ധിച്ചത്. കായിക യൂണിഫോം ധരിച്ച് നില്‍ക്കുന്ന കുട്ടിയെ ശ്രദ്ധിച്ചപ്പോള്‍ കൂടെ ആരുമില്ലാതെ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത് എന്ന് മനസിലായി. എവിടേയ്ക്കാണ് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ കുട്ടി പ്രതികരിച്ചില്ല. മാതാപിതാക്കളുടെ പേര് ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞതായി അരവിന്ദ് പറയുന്നു.
യൂണിഫോമിലെ സ്‌കൂളിന്റെ പേര് ഉപയോഗിച്ച് കോണ്‍ടാക്ട് നമ്പര്‍ കിട്ടാനായി ശ്രമം തുടങ്ങി. അന്വേഷണത്തിന് ഒടുവില്‍ ലഭിച്ച നമ്പറില്‍ രാത്രി ഒന്‍പത് മണിക്ക് വിളിച്ചപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫോണെടുത്തു. തുടര്‍ന്ന് കുട്ടിയുടെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്ത് തിരിച്ചറിയാനുള്ള ശ്രമമായി പിന്നീട്.
കുട്ടിയുടെ യൂണിഫോമിലെ ബസ് റൂട്ട് ഫൈവ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം ഉപയോഗിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബസ് ഡ്രൈവറെ കണ്ടെത്തി. ബസ് ഡ്രൈവറെ ഫോട്ടോ കാണിച്ചപ്പോള്‍ ഡ്രൈവര്‍ക്ക് കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചില്ല. സ്‌കൂളിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടിയുടെ ചിത്രം പങ്കുവെച്ചു. ടീച്ചര്‍മാര്‍ക്കും കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് അരവിന്ദ് പറയുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിര്‍ദ്ധന കുടുംബത്തില്‍ നിന്ന് വരുന്ന കുട്ടിയാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിയുടെ അമ്മ വീട്ടുജോലിക്കാരിയാണ്. വീട്ടുടമ പത്തുവയസുകാരന് ധരിക്കാന്‍ നല്‍കിയ പഴയ ടീ ഷര്‍ട്ടാണ് ഇതെന്ന് മനസിലായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരുമായി ആശയവിനിമയം നടത്തി കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനിടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഖാര്‍ഘര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. റെയില്‍വേ പൊലീസുമായി ബന്ധപ്പെട്ട് ഖാര്‍ഘര്‍ പൊലീസ് കുട്ടിയെ റെയില്‍വേ സ്‌റ്റേഷനില്‍ സുരക്ഷിതമാക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക