സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തില്‍ രാജ്യം; 'ഹര്‍ ഘര്‍ തിരംഗ' പരിപാടിക്ക് തുടക്കം

20 കോടിയിലധികം വീടുകളില്‍  ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
പിടിഐ ചിത്രം
പിടിഐ ചിത്രം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' പരിപാടിക്ക് ഇന്ന് തുടക്കം. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍  ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഇന്നുമുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക. 

സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തണമെന്നു നിർദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ സ്വവസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു.

‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി തുറസ്സായ സ്ഥലത്തും വീടുകളിലും ദേശീയ പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല. എങ്കിലും ഫ്‌ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദേശീയ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3ഃ2 ആയിരിക്കണം. 

കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാകയ്‌ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല. തല തിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്.

കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ കുങ്കുമ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഫ്‌ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുതെന്നും ഫ്‌ളാഗ് കോഡിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com