അക്കാദമിക യോഗ്യത വേണ്ട, ഇനി വിദഗ്ധര്‍ക്കും പഠിപ്പിക്കാം; സര്‍വകലാശാല അധ്യാപക നിയമനം അടിമുടി മാറ്റത്തിലേക്ക്

സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക നിയമനത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി യുജിസി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക നിയമനത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി യുജിസി. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുന്ന വിധം അധ്യാപക നിയമനത്തില്‍ മാറ്റം വരുത്താനാണ് യുജിസി ഉദ്ദേശിക്കുന്നത്.

നിലവില്‍ നിശ്ചിത യോഗ്യതയുള്ളവരെയാണ് അധ്യാപകരായി നിയമിക്കുന്നത്. വിവിധ യോഗ്യതകള്‍ക്ക് പുറമേ തന്റെ പേരില്‍ വിവിധ ജേര്‍ണലുകളിലോ മറ്റോ ഉള്ള പ്രസിദ്ധീകരണങ്ങളും അധിക യോഗ്യതയായി ആവശ്യപ്പെടാറുണ്ട്. ഇനി ഇവ നിര്‍ബന്ധമല്ലാത്ത വിധം അധ്യാപക നിയമനത്തില്‍ അടിമുടി പരിഷ്‌കരണം നടപ്പാക്കാനാണ് യുജിസി ലക്ഷ്യമിടുന്നത്.

കഴിഞ്ഞയാഴ്ച നടന്ന യുജിസിയുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്.  പ്രൊഫസേഴ്‌സ് ഓഫ് പ്രാക്ടീസ് എന്ന പേരില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദഗ്ധരെ ഫാകല്‍റ്റി മെമ്പര്‍മാരായി നിയമിക്കുന്നതിനുള്ള വിജ്ഞാപനം അടുത്ത മാസം യുജിസി പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്‍ജിനീയറിങ്, സയന്‍സ്, മീഡിയ, സാഹിത്യം, സംരഭകത്വം , സാമൂഹിക ശാസ്ത്രം, കല, സിവില്‍ സര്‍വീസസ്, സായുധ സേന തുടങ്ങി വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദഗ്ധരെ അധ്യാപകരായി നിയമിക്കാമെന്നതാണ് കരടു മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. നിര്‍ദിഷ്ട മേഖലയില്‍ 15 വര്‍ഷത്തെ അനുഭവസമ്പത്ത് വേണം. അത്തരത്തില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് അക്കാദമിക യോഗ്യതകള്‍ വേണ്ടതില്ല എന്നതാണ് കരടു മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇതിന് പുറമേ നിലവില്‍ ഫാകല്‍റ്റി മെമ്പര്‍മാര്‍ക്ക് വേണ്ട മറ്റു യോഗ്യതകളും ഇവര്‍ക്ക് ആവശ്യമില്ല. പ്രസിദ്ധീകരണം അടക്കമുള്ള മറ്റു യോഗ്യതകളിലാണ് ഇവര്‍ക്ക് ഇളവ് അനുവദിക്കുക എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

എന്നാല്‍ നിയമനം നടത്താന്‍ അനുവദിച്ച തസ്തികകളുടെ പത്തുശതമാനത്തില്‍ കൂടാന്‍ പാടില്ല വിദഗ്ധരുടെ നിയമനമെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. നിശ്ചിത കാലാവധി വരെയാണ് നിയമനം. റെഗുലര്‍ ഫാകല്‍റ്റി മെമ്പര്‍മാരുടെ നിയമനത്തെ ഇത് ഒരുതരത്തിലും ബാധിക്കാത്ത വിധം നടപടികളുമായി മുന്നോട്ടുപോകാനാണ് നിര്‍ദേശം. സേവനത്തിന് പകരമായി ഏകീകൃത തുകയാണ് ലഭിക്കുക. വിദഗ്ധനും അതത് സ്ഥാപനങ്ങളും തമ്മില്‍ ധാരണയിലെത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നല്‍കുക എന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com