ആംബുലന്‍സ് ലഭിച്ചില്ല; രണ്ടുവയസുകാരന്റെ മൃതദേഹം കൈകളിലേന്തി നടന്ന്‌ പത്തുവയസുകാരന്‍; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2022 10:47 AM  |  

Last Updated: 29th August 2022 10:47 AM  |   A+A-   |  

up_boy

വീഡിയോ ദൃശ്യം

 

മീററ്റ്: ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് സഹോദരനായ രണ്ടുവയസുകാരന്റെ മൃതദേഹം കൈയിലേന്തി നടന്നു പത്തുവയസുകാരന്‍. കുഞ്ഞിനെയുമായി പത്തുവയസുകാരന്‍ നടന്നുനീങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലാ ആശുപത്രിയിലാണ് സംഭവം.

സാഗര്‍ കുമാര്‍ എന്ന കുട്ടിയാണ് കുഞ്ഞിന്റെ മൃതദേഹവുമായി 50 മീറ്ററോളം ദൂരം നടന്നത്. തൊട്ടുപിന്നാലെ ഇവരുടെ അച്ഛന്‍ നടക്കുന്നതും വീഡിയോയില്‍ കാണാം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആശുപത്രി അധികൃതര്‍ കുട്ടിയുടെ മൃതദേഹം ഇവര്‍ക്ക് കൈമാറുകയായിരുന്നു. മകന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സിനായി ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് പിതാവ് പ്രവീണ്‍ കുമാര്‍ പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;   രണ്ടുവയസുകാരനായ കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി - സഹാരന്‍പൂര്‍ ഹൈവേയില്‍ വച്ച് രണ്ടാനമ്മ കാറിനടിയിലേക്ക് തള്ളിയിട്ട്് കൊലപ്പെടുത്തുകയായിരുന്നു.പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസ് എടുക്കുകയും കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുകയുമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിനായി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലു അവര്‍ തയ്യാറായില്ലെന്ന്് കുട്ടിയുടെ അച്ഛന്‍ പ്രവീണ്‍ പറഞ്ഞു. ഒടുവില്‍ കുട്ടിയുടെ മൃതദേഹം കൈയിലെടുത്ത് നടക്കുകയായിരുന്നെന്ന് പ്രവീണ്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹവുമായി നടന്നുതളര്‍ന്നപ്പോള്‍ പ്രവീണ്‍ കുട്ടിയെ മകന്‍ സാഗറിന് കൈമാറുകയും ചെയ്തു. കുട്ടിയുടെ മൃതദേഹവുമായി നടക്കുന്ന പത്തുവയസുകാരനെ കണ്ട് നാട്ടുകാര്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പ്രശ്‌നം മനസിലാക്കിയ ആശുപത്രി അധികൃതര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു.