ഡല്‍ഹിയില്‍ ആംആദ്മിക്കു ചരിത്ര ജയം, 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് അന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 03:13 PM  |  

Last Updated: 07th December 2022 03:13 PM  |   A+A-   |  

AAP_supporters1

എഎപിയുടെ വിജയാഘോഷത്തില്‍ അരവിന്ദ് കെജരിവാളിന്റെ വേഷമിട്ട കുട്ടിയുമായി പ്രവര്‍ത്തകന്‍/പിടിഐ

 

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പതിനഞ്ചു വര്‍ഷം നീണ്ട ബിജെപി ഭരണം അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. 250 കോര്‍പ്പറേഷനില്‍ 134 സീറ്റു നേടിയാണ് എഎപി ഭരണം പിടിച്ചെടുത്തത്. ബിജെപി 104 സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസിന് ഒന്‍പതു സീറ്റു നേടാനേ കഴിഞ്ഞുള്ളൂ.

2007 മുതല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിയെ പിന്നിലാക്കിയാണ്, സംസ്ഥാനത്തെ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. മൂന്നു കോര്‍പ്പറേഷനുകളായി നിന്നിരുന്ന, ദേശീയ തലസ്ഥാന പ്രദേശത്തെ പ്രാദേശിക ഭരണ സംവിധാനത്തെ ലയിപ്പിച്ചതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 

ഉച്ചയ്ക്കു മുമ്പായി തന്നെ ഭരണം ഉറപ്പിച്ചതോടെ ആംആദ്മി പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷങ്ങള്‍ തുടങ്ങി. പാട്ടും നൃത്തവുമായി വന്‍ ആഘോഷത്തോടെയാണ് വിജയത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്. പാര്‍ട്ടിയെ ഭരണം ഏല്‍പ്പിച്ച ഡല്‍ഹി ജനതയ്ക്കു നന്ദി അറിയിക്കുന്നതായി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു.

രാവിലെ എട്ടിനു തുടങ്ങിയ വോട്ടെണ്ണലില്‍ തുടക്കത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും പിന്നീട് ലീഡ് നേടിയ ആംആദ്മി ഒരു ഘട്ടത്തിലും പിന്നിലേക്കു പോയില്ല. അതേസമയം എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച വിധത്തില്‍ വന്‍ തകര്‍ച്ച ഒഴിവാക്കാന്‍ ബിജെപിക്കായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചരിത്രത്തിലേക്ക് ജയിച്ചു കയറി ബോബി; ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് ആദ്യ ട്രാന്‍സ്ജന്‍ഡര്‍ അംഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ