രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും ആത്മഹത്യ; മൂന്ന് എന്‍ട്രന്‍സ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി

മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന കോച്ചിങ് സെന്ററുകള്‍ നിരവധിയുള്ള സ്ഥലമാണ് കോട്ട
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 16, 17, 18 വയസുള്ള വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. അങ്കുഷ്, ഉജ്ജ്വല്‍, പ്രണവ് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 

മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന കോച്ചിങ് സെന്ററുകള്‍ നിരവധിയുള്ള സ്ഥലമാണ് കോട്ട. ഇവിടെ ഇതിന് മുന്‍പും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന രീതിയിലുളള പഠന രീതിയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. 

അങ്കുഷും ഉജ്ജ്വലും ബിഹാര്‍ സ്വദേശികളാണ്. സുഹൃത്തുക്കളായ ഇവര്‍ ഒരേ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. ഒരാള്‍ എഞ്ചിനീയറിങ് പ്രവേശനത്തിനും മറ്റൊരാള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷക്കും തയ്യാറെടുക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്നാമനായ പ്രണവ് മധ്യപ്രദേശ് സ്വദേശിയാണ്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പ്രണവ്.  ഇവരുടെ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. 

കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കോച്ചിങ് സെന്ററുകള്‍ക്ക് നിയന്ത്രിക്കാനുള്ള നിയമനിര്‍മാണ കരട് തയ്യാറാക്കാന്‍ 2019ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചിരുന്നു. പിന്നീട് ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വന്നില്ല. 

മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com