ബോസും ജീവനക്കാരനുമായി ലൈംഗിക ബന്ധം, സ്വകാര്യ നിമിഷങ്ങൾ വിഡിയോയിലാക്കി; യുവാവിനെ കൊന്ന് മെട്രോ സ്റ്റേഷനിൽ ഉപേക്ഷിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 12:12 PM  |  

Last Updated: 02nd February 2022 12:12 PM  |   A+A-   |  

gay_relationship

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ വ്യവസായി അറസ്റ്റിൽ. കൊലപാതകത്തിന് സഹായിച്ച ഇയാളുടെ ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനെ കൊന്ന് ട്രോളി ബാഗിലാക്കി സരോജിനി നഗറിന് സമീപത്തെ മെട്രോ സ്‌റ്റേഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു ഇവർ. 

ജീവനക്കാരനും വ്യവസായിയും തമ്മിൽ ലൈംഗിക ബന്ധം പുലർത്തിയിരുന്നു. ഇരുവർക്കുമിടയിലെ വിഡിയോ പകർത്തിയ യുവാവ് രണ്ട് മക്കളുള്ള വ്യവസായിയെ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. ബിസിനസ്സിൽ നിന്ന് പണം കൈക്കലാക്കാനായിരുന്നു ഭീഷണി. പണം നൽകിയില്ലെങ്കിൽ വിഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലാക്കുമെന്നാണ് ജീവനക്കാരൻ പറഞ്ഞത്. ഇതേത്തുടർന്നാണ് ബന്ധുവിന്റെ സഹായത്തോടെ കൊലപാതകത്തിന് പദ്ധതിയിട്ടത്. 

വ്യവസായിയും ബന്ധുവും സരോജിനി നഗറിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു ഗസ്റ്റ് ഹൗസിൽ രണ്ട് മുറി ബുക്ക് ചെയ്തു. ഇവർ ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചു. ഇവിടേക്ക് ജീവനക്കാരനെ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ഇതിനുശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ഒരു ടാക്‌സിയിൽ മെട്രോ സ്‌റ്റേഷനിൽ ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം ജീവനക്കാരന്റെ വസ്ത്രവും ഷൂസും പേഴ്‌സും മറ്റൊരു മെട്രോ സ്റ്റേഷനിൽ ഉപേക്ഷിച്ചു. മൊബൈൽ ഫോൺ ബന്ധു അയാളുടെ കൈയിൽ സൂക്ഷിക്കുകയായിരുന്നു. ഇതിൽ ചില വസ്തുക്കൾ ഇതിനോടകം കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.