'സിംഹവും മാനും ഒരുമിച്ച് വെള്ളം കുടിക്കുമോ?'- മേഘാലയയിൽ ബിജെപി സഖ്യത്തിൽ കോൺ​ഗ്രസും! സർവത്ര ആശയക്കുഴപ്പം

'സിംഹവും മാനും ഒരുമിച്ച് വെള്ളം കുടിക്കുമോ?'- മേഘാലയയിൽ ബിജെപി സഖ്യത്തിൽ കോൺ​ഗ്രസും! സർവത്ര ആശയക്കുഴപ്പം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഷില്ലോങ്: ബദ്ധവൈരികളായ കോൺഗ്രസും ബിജെപിയും മേഘാലയയിൽ ഒരേ മുന്നണിയിലെത്തിയതിന്റെ അമ്പരപ്പിൽ ഇരുപക്ഷത്തേയും നേതൃത്വം! ആശയക്കുഴപ്പത്തിന് പിന്നാലെ ഇരു പാർട്ടികളുടേയും നേതാക്കൾ വാക് പോരുമായി രം​ഗത്തെത്തി. 

മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ നയിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസിൽ (എംഡിഎ) ആണ് സംസ്ഥാനത്ത് ആകെയുള്ള അഞ്ച് കോൺഗ്രസ് എംഎൽഎമാരും ചേർന്നത്. ബിജെപി ഉൾപ്പെടുന്നതാണ് ഈ മുന്നണി എന്നതാണ് വൈരുദ്ധ്യം. 

പാർട്ടിയോട് ആലോചിക്കാതെ എംഎൽഎമാർ സ്വയം തീരുമാനമെടുത്താണ് സഖ്യത്തിൽ ചേർന്നത് എന്നാണ് കോൺ​ഗ്രസ് നേതൃത്വം പറയുന്നത്. സഖ്യത്തിൽ ചേർന്ന എംഎൽഎമാർ തങ്ങൾ ഇപ്പോഴും കോൺ​ഗ്രസാണെന്നും അവകാശപ്പെടുന്നു.

സംഭവത്തിൽ ബിജെപിയിലും ആശയക്കുഴപ്പമുണ്ട്. വിരുദ്ധ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന കോൺ​ഗ്രസും ബിജെപിയും എങ്ങനെ ഒരേ സഖ്യത്തിൽ വരുമെന്ന് ബിജെപി മേഘാലയ അധ്യക്ഷൻ ഏണസ്റ്റ് മാവ്രി ചോ​ദിച്ചു. 

'സിംഹത്തിനും മാനിനും ഒരേസമയം ഒരേ ജലാശയത്തിൽ നിന്ന് എങ്ങനെ വെള്ളം കുടിക്കാൻ സാധിക്കും. കോൺഗ്രസിന്റേയും ബിജെപിയുടേയും പ്രത്യയശാസ്ത്രം വിരുദ്ധമാണ്. എങ്ങനെ ഒരേ മുന്നണിയിൽ തങ്ങൾക്ക് തുടരാനാകുമെന്നും ഉടൻ തന്നെ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയെ കാണും'- ബിജെപി അധ്യക്ഷൻ പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന കാര്യം എന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ വിൻസെന്റ് എച്ച് പാല പ്രതികരിച്ചത്. വെള്ളിയാഴ്ച അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചതായും അദ്ദേഹം അറിയിച്ചു. പാർട്ടി ഹൈക്കാൻഡുമായോ സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായോ ആലോചിക്കാതെ എംഎൽഎമാർക്ക് എങ്ങനെ ഇത്തരമൊരു നിർണായക തീരുമാനമെടുക്കാനാകുമെന്നാണ്  മേഘാലയ കോൺഗ്രസ് ജനറൽ സെക്രട്ടറി ദെബോറ മറാക്കിന്റെ ചോദ്യം. 

കഴിഞ്ഞ നവംബറിൽ തങ്ങളുടെ 12 എംഎൽഎമാർ ഒറ്റയടിക്ക് തൃണമൂൽ കോൺഗ്രസിലേക്ക് കൂടുമാറിയത് കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. അവശേഷിച്ച അഞ്ച് പേരാണ് ഇപ്പോൾ ബിജെപി ഉൾപ്പെടുന്ന ഭരണ സഖ്യത്തിൽ ചേർന്നത്. ഇവർ മുഖ്യമന്ത്രിയെ കണ്ട് പിന്തുണക്കത്തു കൈമാറി. ഇതുകാരണം ഭരണസഖ്യത്തിലെ മറ്റു കക്ഷികൾക്ക് പ്രശ്‌നമൊന്നുമില്ലെന്നും എംഎൽഎമാർ കോൺഗ്രസിൽതന്നെ തുടരുമെന്നും മുഖ്യമന്ത്രി സാങ്മ പറഞ്ഞു. ഇതോടെ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായി.

2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അറുപതംഗ മേഘാലയ നിയമസഭയിൽ 21 സീറ്റുമായി കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷിയായത്. എന്നാൽ, 20 സീറ്റു നേടിയ സങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി ബിജെപി ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണയോടെ ഭരണം പിടിച്ചു. ബിജെപിക്ക് രണ്ട് സീറ്റേയുള്ളൂ. കോൺഗ്രസിൽ നിന്ന് നാല് എംഎൽഎമാർ വൈകാതെ കൂറുമാറി. 12 എംഎൽഎമാർ മൂന്ന് മാസം മുമ്പ് തൃണമൂലിലേക്കും ചേക്കേറി. അവശേഷിക്കുന്ന അഞ്ച് പേരാണ് ഇപ്പോൾ ഭരണ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സഖ്യത്തിൽ ചേർന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com