കൗമാരക്കാര്‍ പ്രേമിക്കുന്നതു തടയാനല്ല പോക്‌സോ നിയമം: ഹൈക്കോടതി

കൗമാരക്കാര്‍ പ്രണയത്തിലേര്‍പ്പെടുന്നതു കൈകാര്യം ചെയ്യാനല്ല പോക്‌സോ നിയമമെന്ന് അലഹാബാദ് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ്): കൗമാരക്കാര്‍ പ്രണയത്തിലേര്‍പ്പെടുന്നതു കൈകാര്യം ചെയ്യാനല്ല പോക്‌സോ നിയമമെന്ന് അലഹാബാദ് ഹൈക്കോടതി. കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നതു തടയാന്‍ ഉദ്ദേശിച്ചുണ്ടാക്കിയ നിയമം വ്യാപകമായി പ്രണയത്തിനെതിരെ ഉപയോഗിക്കപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. പതിനാലുകാരിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിനു ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയുടെ നിരീക്ഷണം.

ബ്രാഹ്മണനായ യുവാവും ദലിത് പെണ്‍കുട്ടിയും തമ്മില്‍ രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. ഇതിനിടെ പെണ്‍കുട്ടി അമ്മയാവുകയും ചെയ്തു. യുവാവിനും അന്നു പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാള്‍ പിന്നീട് പോക്‌സോ കേസില്‍ അറസ്റ്റിലായതോടെ പെണ്‍കുട്ടി സര്‍ക്കാര്‍ അഗതി മന്ദിരത്തിലാണ്. ഇതു കൂടി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

പോക്‌സോ നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ അപ്രസക്തമാക്കും വിധം കുട്ടികളും കൗമാരക്കാരും ഇതിന്റെ ഇരകളാക്കപ്പെടുന്നുവെന്നത് അസ്വസ്ഥയുണ്ടാക്കുന്ന കാര്യമാണെന്ന കോടതി അഭിപ്രായപ്പെട്ടു. കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നും പീഡനത്തില്‍നിന്നും പോര്‍ണോഗ്രാഫിയില്‍നിന്നും രക്ഷിക്കുകയെന്നതാണ് പോക്‌സോയുടെ ലക്ഷ്യം. എന്നാല്‍ പ്രണയത്തിലേര്‍പ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളോ ബന്ധുക്കളോ വീട്ടുകാരോ ഒക്കെ നല്‍കുന്ന പരാതിയില്‍ വ്യാപകമായി കുട്ടികള്‍ തന്നെ പ്രതികളാക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രണയം തടയുകയെന്നത് പോക്‌സോയുടെ ലക്ഷ്യമേയല്ല- കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ലൈംഗിക ബന്ധത്തിനു നല്‍കുന്ന സമ്മതം നിയമത്തിന്റെ കണ്ണില്‍ സമ്മതമേയല്ലെന്നതു ശരിതന്നെ. എന്നാല്‍ ഈ കേസില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിനു ജന്മം നല്‍കിയിട്ടുണ്ടെന്നതു കാണാതിരിക്കാനാവില്ല. മാതാപിതാക്കള്‍ക്കൊപ്പം പോവില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിട്ടുണ്ട്. അവള്‍ ഇപ്പോള്‍ കുഞ്ഞിനൊപ്പം ബാലികാ മന്ദിരത്തിലാണ് കഴിയുന്നത്. ശോചനീയമാണ് അവിടത്തെ അവസ്ഥ. മാതാപിതാക്കള്‍ക്കൊപ്പം കഴിയാനുള്ള കൈക്കുഞ്ഞിന്റെ അവകാശവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com