മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കും; ഇന്ത്യ ഇടപെടണമെന്ന് യുക്രൈന്‍ സ്ഥാനപതി

യൂക്രൈന്‍ പ്രതിസന്ധിയില്‍ ഇന്ത്യയെടുത്ത നിലപാടില്‍ അഗാധമായ അതൃപ്തിയുണ്ടെന്ന് ഇഗോര്‍ പൊളിഖ
യുക്രൈന്‍ സ്ഥാനപതി ഇഗോര്‍ പൊളിഖ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുന്നു/എഎന്‍ഐ
യുക്രൈന്‍ സ്ഥാനപതി ഇഗോര്‍ പൊളിഖ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുന്നു/എഎന്‍ഐ

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുടിനെ സ്വാധീനിക്കാനാവുന്ന ചുരുക്കം നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും നിലവിലെ പ്രതിസന്ധിക്ക് അയവു വരുത്താന്‍ ഇന്ത്യന്‍ ഇടപെടണമെന്നും ന്യൂഡല്‍ഹിയിലെ യുക്രൈന്‍ സ്ഥാനപതി. യൂക്രൈന്‍ പ്രതിസന്ധിയില്‍ ഇന്ത്യയെടുത്ത നിലപാടില്‍ അഗാധമായ അതൃപ്തിയുണ്ടെന്ന് ഇഗോര്‍ പൊളിഖ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. വ്‌ലാദിമീര്‍ പുടിനെ സ്വാധീനിക്കാനാവുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സജീവമായ പങ്കു വഹിക്കാനാവും- അംബാസഡര്‍ പറഞ്ഞു.

റഷ്യന്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം ഉണ്ടായതായി അംബാസഡര്‍ അറിയിച്ചു. സിവിലിയന്‍മാരും സൈനികരും ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്ന് പൊളിഖ പറഞ്ഞു.

ആക്രമണം പുലര്‍ച്ചെ

പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ക്രിമിയ, ബെലാറസ് എന്നീ മേഖലകളില്‍ നിന്നും കരിങ്കടല്‍ വഴിയും റഷ്യ യുെ്രെകനെ ആക്രമിക്കുന്നു. നൂറോളം പേര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനമുണ്ടായി. കാര്‍ഖിവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യന്‍ മിസൈലാക്രമണം ഉണ്ടായി.

വ്യോമാക്രമണത്തില്‍ കിര്‍ഖിവിലെ അപ്പാര്‍ട്ട്‌മെന്റിന് നാശമുണ്ടായിട്ടുണ്ട്. ആളപായം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കീവ് ബോറിസ്പില്‍, നിക്കോളേവ്, ക്രാമാറ്റോര്‍സ്‌ക്, ഖെര്‍സോന്‍ വിമാനത്താവളങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. കാര്‍ഖിവിലെ മിലിറ്ററി എയര്‍പോര്‍ട്ടിനും മിസൈലാക്രമണത്തില്‍ കനത്ത നാശം നേരിട്ടു. ഇവാനോഫ്രാങ്കിവ്‌സ്‌ക് വിമാനത്താവളത്തിലും റഷ്യന്‍ മിസൈല്‍ പതിച്ചു.

യുക്രൈന്റെ കിഴക്കന്‍ മേഖലകളിലെ രണ്ടു പ്രദേശങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. റഷ്യക്കൊപ്പം വിമതരും യുക്രൈന്‍ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലുഹാന്‍സ്‌ക് പട്ടണത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്കകം യുക്രൈനിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com