റഷ്യൻ അധിനിവേശം; 'സിപിഎം, സിപിഐ നിലപാട് പരിതാപകരം'- വിമർശിച്ച് ടിഎം കൃഷ്ണ

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ സിപിഎം, സിപിഐ പാർട്ടികൾ എടുത്ത നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സം​ഗീതജ്ഞൻ ടിഎം കൃഷ്ണ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്യൂഡൽഹി: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ സിപിഎം, സിപിഐ പാർട്ടികൾ എടുത്ത നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സം​ഗീതജ്ഞൻ ടിഎം കൃഷ്ണ. ട്വിറ്റർ കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്. 

അന്താരാഷ്ട്ര രാഷ്ട്രീയ വിഷയങ്ങളിലെ അവരുടെ അഭിപ്രായങ്ങൾ എന്തുതന്നെയാകട്ടെ, മറ്റൊരു രാജ്യത്തിൽ അതിക്രമിച്ച് കയറിയ റഷ്യയുടെ നടപടിയെ അപലപിക്കാത്ത സിപിഎമ്മിന്റേയും സിപിഐയുടെയും നിലപാടിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാവൂ. ഇരു പാർട്ടികളെയും ടാഗ് ചെയ്തുകൊണ്ട് ടിഎം കൃഷ്ണ ട്വീറ്റ് ചെയ്തു. 

റഷ്യയും അമേരിക്കയും ഒരുപോലെ അധിനിവേശക്കാരാണ്. അതിൽ ഒരാളെ മാത്രം അധിനിവേശക്കാരനെന്ന് വിശേഷിപ്പിക്കുകയും മറ്റൊരാൾക്ക് വിഷയത്തിൽ നിയമപരമായ താത്പര്യം ഉണ്ടെന്ന് മാത്രം പറയുകയും ചെയ്യുന്നത് മാപ്പർഹിക്കാത്ത കാര്യമാണ്.

അതേസമയം യുക്രൈനെ ആക്രമിച്ച റഷ്യയുടെ നിലപാടിനെതിരേ നിലകൊണ്ട സിപിഐഎംഎല്ലിനെ കൃഷ്ണ അഭിനന്ദിക്കുകയും ചെയ്തു. റഷ്യ ഉടനെ യുക്രൈനെതിരായ ആക്രമണം അവസാനിപ്പിച്ച് സൈന്യത്തെ പിൻവലിക്കണമെന്നും റഷ്യയുടെ കടന്നുകയറ്റത്തിനെതിരേ ഇന്ത്യ ശക്തമായ നിലപാട് കൈക്കൊള്ളണമെന്നുമാണ് സിപിഐ എംഎൽ ആവശ്യപ്പെട്ടത്.

യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി നിർഭാഗ്യകരമാണെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നുമാണ് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. യുക്രൈനെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം റഷ്യൻ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കൻ യൂറോപ്യൻ അതിർത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈൽ സംവിധാനവും റഷ്യൻ സുരക്ഷയെ ബാധിക്കും. അതിനാൽ റഷ്യൻ സുരക്ഷയും, ഒപ്പം യുക്രൈനെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദവും നീതിപൂർവകമാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com