യുഎന്‍ പൊതുസഭ അടിയന്തരമായി ചേരും; രണ്ടാം തവണയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന് ഇന്ത്യ

ഇതു രണ്ടാം തവണയാണ് യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുന്നത്
യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ നടന്ന യുക്രൈന്‍ വംശജരുടെ പ്രകടനം/എപി
യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ നടന്ന യുക്രൈന്‍ വംശജരുടെ പ്രകടനം/എപി

യുഎന്‍: യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തര പൊതു സഭ വിളിക്കണമെന്ന് നിര്‍ദേശിക്കുന്ന യുഎന്‍ രക്ഷാസമിതി പ്രമേയ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇതു രണ്ടാം തവണയാണ് യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുന്നത്. യുക്രൈനില്‍നിന്നു റഷ്യ അടിയന്തരമായി പിന്‍മാറണമെന്നു നിര്‍ദേശിക്കുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ വിട്ടുനിന്നിരുന്നു.

ഇന്ത്യയ്ക്കു പുറമേ ചൈനയും യുഎഇയുമാണ് പ്രമേയ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്. യുഎസ്, യുകെ, നോര്‍വേ, മെക്‌സിക്കോ, കെനിയ, അയര്‍ലാന്‍ഡ്, ഘാന, ഗാബോണ്‍, ഫ്രാന്‍സ്, ബ്രസീല്‍, അല്‍ബേനിയ എന്നീ 11 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. റഷ്യ പ്രമേയത്തെ എതിര്‍ത്തു. 

അടിയന്തര പൊതു സഭ വിളിക്കണമെന്നത് നടപടിക്രമങ്ങളുടെ ഭാഗമായ പ്രമേയം ആയതിനാല്‍ സ്ഥിരാംഗങ്ങള്‍ക്കു വീറ്റോ അധികാരം പ്രയോഗിക്കാനാവില്ല. അതിനാല്‍ തന്നെ ഭൂരിപക്ഷ പിന്തുണയില്‍ പ്രമേയം അംഗീകരിക്കപ്പെട്ടു. ഇതോടെ യുഎന്‍ പൊതുസഭ അടിയന്തരമായി യോഗം ചേര്‍ന്ന് യുക്രൈന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യും.

രക്ഷാസമിതിക്കു പൊതുവായ തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ പൊതു സഭ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രമേയം നിര്‍ദേശിക്കുന്നത്. 

നയതന്ത്രത്തിന്റെയും ചര്‍ച്ചയുടെയും പാതയിലേക്കു തിരികെപ്പോവുക എന്നതു മാത്രമാണ് യുക്രൈന്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടതെന്ന് ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. ഇന്ത്യ വോട്ടിങ്ങില്‍നിന്നു വിട്ടുനിന്നത് ഈ നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുമൂര്‍ത്തി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com