ഒഴിപ്പിക്കല്‍ ദൗത്യത്തിന് സ്‌പൈസ് ജെറ്റും; ബുഡാപെസ്റ്റിലേക്ക് പ്രത്യേക സര്‍വീസ്

രാജ്യത്തെത്തുന്ന ഇന്ത്യാക്കാര്‍ക്ക് എല്ലാസഹായവും നല്‍കുമെന്ന് പോളണ്ട് അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റഷ്യന്‍ സൈനിക ആക്രമണത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സ്‌പൈസ് ജെറ്റും. യുക്രൈനില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് രാജ്യത്തെത്തിക്കാന്‍ സ്‌പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 മാക്‌സ് വിമാനമാണ് ഒഴിപ്പിക്കല്‍ രക്ഷാദൗത്യവുമായി പറക്കുക. ഡല്‍ഹിയില്‍ നിന്നും ബുഡാപെസ്റ്റിലെത്തുന്ന വിമാനം ജോര്‍ജിയയിലെ കുട്ടൈസി വഴിയാണ് രാജ്യത്തെത്തുക. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനായി കൂടുതല്‍ സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റ് ആലോചിക്കുന്നുണ്ട്. 

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്പനി അറിയിച്ചു. അതിനിടെ യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസി പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കി. യുക്രൈന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ട്രെയിനുകളില്‍ കയറാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. യുക്രൈന്‍ റെയില്‍വേ നിരവധി സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്. 

രാജ്യത്തെത്തുന്ന ഇന്ത്യാക്കാര്‍ക്ക് എല്ലാസഹായവും നല്‍കുമെന്ന് പോളണ്ട് അറിയിച്ചു. വിസ വേണമെന്ന് ആവശ്യപ്പെടില്ല. ഒരു വിവേചനവും ഉണ്ടാകില്ല. സഹായം അഭ്യര്‍ത്ഥിച്ചെത്തുന്ന എല്ലാവര്‍ക്കും സാധ്യമായ സഹായം ചെയ്തു നല്‍കുമെന്നും പോളണ്ട് അംബാസഡര്‍ അറിയിച്ചു. 

യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യം ഏകോപിപ്പിക്കാനായി നാലു കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ വി കെ സിങ് എന്നിവരെയാണ് യുെ്രെകന്‍ അതിര്‍ത്തികളിലേക്ക് അയക്കുക.  

ഒാപ്പറേഷന്‍ ഗംഗ എന്ന പേരിലുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ് വഴി ഒഴിപ്പിക്കല്‍ ദൗത്യം തുടരുകയാണ്. ഇതുവരെ യുക്രൈനില്‍ നിന്നുള്ള ഇന്ത്യാക്കാരുമായി അഞ്ചു വിമാനങ്ങള്‍ രാജ്യത്തെത്തി. യുക്രൈനില്‍ നിന്നും രാജ്യത്തെത്തിച്ച ഇന്ത്യാക്കാരുടെ എണ്ണം 1156 ആയി.

അതേസമയം കീവില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ നീക്കി. രാത്രി എട്ടു മുതല്‍ കടകള്‍ തുറക്കും. യുക്രൈന്‍ നഗരത്തില്‍ റഷ്യന്‍ സേന നടത്തുന്ന ആക്രമണത്തിന്റെ രൂക്ഷത കുറച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ബെലാറൂസ് അതിര്‍ത്തിയില്‍ ചര്‍ച്ച നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. ചര്‍ച്ച നടക്കുന്ന ഹാളിന്‍രെ ചിത്രം ബെലാറൂസ് മന്ത്രി പുറത്തുവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com