ഓക്‌സിജന്‍ വേണ്ടിവന്നവരില്‍ 96 ശതമാനവും ഒരു ഡോസ് പോലും വാക്‌സിനെടുക്കാത്തവര്‍: മുംബൈയിലെ കണക്ക് 

മുംബൈയില്‍ കോവിഡ് ബാധിച്ച് ഓക്‌സിജന്‍ ബെഡ് വേണ്ടിവന്നവരില്‍ 96 ശതമാനവും ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവര്‍ എന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈയില്‍ കോവിഡ് ബാധിച്ച് ഓക്‌സിജന്‍ ബെഡ് വേണ്ടിവന്നവരില്‍ 96 ശതമാനവും ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവര്‍ എന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. 1900 രോഗികളില്‍ 96 ശതമാനം പേരും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഒന്ന്, രണ്ട് തരംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നോക്കാതെ, രോഗികള്‍ ആശുപത്രിയിലാകുന്നതിന്റെ നിരക്കും ഓക്‌സിജന്‍ ആവശ്യകതയും അടിസ്ഥാനമാക്കിയാവും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന് ബിഎംസി കമ്മീഷണര്‍ ഇഖ്ബാല്‍ ചഹല്‍ പറയുന്നു.

കഴിഞ്ഞ രണ്ടുദിവസമായി പ്രതിദിനം 20,000ല്‍പ്പരം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീച്ചത്. ഒന്ന്, രണ്ട് കോവിഡ് തരംഗങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയാണ് ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത്തവണ ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും മരണസംഖ്യയും കുറവായതിനാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനമാക്കി ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം.

മുംബൈ നഗരപരിധിയിലുള്ള 186 ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ഓക്‌സിജന്‍ ബെഡില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 96 ശതമാനം പേരും വാക്‌സിന്‍ എടുക്കാത്തവരാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ ആരും തന്നെ ഐസിയുവില്‍ എത്തിയിട്ടില്ല. ആശുപത്രിവാസവും ഓക്‌സിജന്‍ ആവശ്യകതയും ഉയരുമ്പോള്‍ മാത്രമേ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ചുള്ള മരണം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ നഗരത്തില്‍ ഒരു ലക്ഷം രോഗികള്‍ ചികിത്സയിലുണ്ട്. 10 ടണ്‍ ഓക്‌സിജന്‍ മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com