മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും, ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണം: മോദി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 08:38 PM  |  

Last Updated: 09th January 2022 08:39 PM  |   A+A-   |  

covid cases in INDIA

പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിക്കുന്നത്. വാക്‌സിനേഷന്‍, പരിശോധന, ജനിതക പരിശോധന എന്നിവയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ മോദി നിര്‍ദേശിച്ചു. ഉന്നതതല കോവിഡ് അവലോകന യോഗത്തില്‍ മോദി രാജ്യത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി.

ഒരു ദൗത്യമായി കണ്ട് കൗമാരക്കാരുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ മോദി നിര്‍ദേശിച്ചു. ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മോദി മുന്നറിയിപ്പ് നല്‍കി. 

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലസ്റ്റററുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. നിരീക്ഷണം ശക്തമാക്കി രോഗവ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കണം. ജില്ല തലത്തില്‍ ആരോഗ്യസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. കോവിഡിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണാതെ പോകരുത്. മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ തടസം കൂടാതെ മുന്നോട്ടുപോകണമെന്നും മോദി നിര്‍ദേശിച്ചു.