കോവാക്‌സിനും കോവിഷീല്‍ഡിനും വാണിജ്യാനുമതി; ആശുപത്രികളിലും ക്ലിനിക്കുകളിലും ലഭിക്കും, ഉപാധികള്‍ ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2022 04:40 PM |
Last Updated: 27th January 2022 04:40 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വാണിജ്യാനുമതി നല്‍കി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് ഉപാധികളോടെ ഡിസിജിഐ വാണിജ്യാനുമതി നല്‍കിയത്.
വാണിജ്യാനുമതി നല്‍കി എന്നത് കൊണ്ട് കടകളില്‍ ഇവ ഉടന്‍ തന്നെ ലഭ്യമാകുമെന്ന് അര്‍ത്ഥമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് ഇവ ലഭിക്കുക. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ പൊതുവിപണിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.
നിലവില്‍ ഈ രണ്ടു വാക്‌സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമാണ് ഉള്ളത്. വാക്‌സിനുകളുടെ വിതരണത്തിന് കോവിന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് അടക്കമുള്ള ഉപാധികളാണ് പാലിക്കേണ്ടത്. ആറുമാസം കൂടുമ്പോള്‍ സുരക്ഷ സംബന്ധിച്ച ഡേറ്റ സമര്‍പ്പിക്കണമെന്നും മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
നിലവില്‍ 15 ദിവസം കൂടുമ്പോള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ സുരക്ഷാ വിവരങ്ങള്‍ കൈമാറണം. കോവിഡ് വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇരുവാക്‌സിനുകള്‍ക്കും വാണിജ്യാനുമതി നല്‍കിയത്.