ഇംഫാൽ സൈനിക ക്യാമ്പിലെ മണ്ണിടിച്ചിൽ; മരണം 81ആയി, ഇനിയും കണ്ടെത്താനുള്ളത് 55 പേരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 08:55 AM  |  

Last Updated: 02nd July 2022 08:55 AM  |   A+A-   |  

manipur_landslide

ഇംഫാലില്‍ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം നടക്കുന്നു; പിടിഐ

 

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 18 പേരെ ഇതുവരെ രക്ഷിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമാണ് ഇതെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.  

മൃതദേഹങ്ങൾ പുറത്തെടുക്കാൻ രണ്ടു മൂന്നു ദിവസം എടുക്കുമെന്നും സംഭവസ്ഥലം വീണ്ടും സന്ദർശിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച രാത്രിയാണ് നോനി ജില്ലയിലെ ടുപുല്‍ റെയില്‍വേ സ്റ്റേഷന് സമീപം സൈനിക ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫും സൈന്യവും രം​ഗത്തുണ്ട്. ചളി നിറഞ്ഞു കിടക്കുന്നതിനാൽ വാഹനങ്ങൾ എത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. അത് രക്ഷാപ്രവർത്തനങ്ങളേയും ബാധിക്കുന്നുണ്ട്. 

എട്ട് സൈനികരുടെ ഉൾപ്പടെ 12 പേരുടെ മൃതദേഹങ്ങൾ കൂടി പുറത്തെടുത്തു.  13 സൈനികരും അഞ്ച് പ്രദേശവാസികളും ഉൾപ്പടെ 18 പേരാണ് ഇതിനോടകം രക്ഷപ്പെടുത്തിയത്. കണ്ടെത്താനുള്ള 15 സൈനികർ ഉൾപ്പടെയുള്ള 55 പേർക്കുവേണ്ടി തിരച്ചിൽ തുടരും. നോനി ജില്ലയിലെ ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. സൈനികരും, റെയില്‍വേ ഉദ്യോഗസ്ഥരും തൊഴിലാളികളും ഗ്രാമീണരും അടക്കമാണ് അപകടത്തിൽപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കാം 

ഇറാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; മൂന്ന് മരണം; ഗള്‍ഫ് രാജ്യങ്ങളും വിറച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ